Type Here to Get Search Results !

വീട് പണിയുന്നവർക്ക് ഇരുട്ടടിയായി കെട്ടിടങ്ങളുടെ പെർമിറ്റ് അപേക്ഷാ ഫീസ് വർദ്ധനവ്



പെർമിറ്റ് ഫീസിലുണ്ടായ വില വർദ്ധനവിൽ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാതെ സാധാരണക്കാർ വലയുന്നു. നിർമ്മാണ വസ്തുക്കൾക്കും മറ്റും പൊള്ളുന്ന വിലയായതോടെ നിർമ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടങ്ങളുടെ പെർമിറ്റ്, അപേക്ഷാഫീസ് എന്നിവയ്ക്ക് ഒറ്റയടിക്ക് 20 ഇരട്ടി വരെയാണ് ഫീസ് വർദ്ധിപ്പിച്ചത്. 80 ചതുരശ്ര മീറ്ററിൽ (ഏകദേശം 861 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഫീസുകളാണ് സ്ലാബ് അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ചത്


പഞ്ചായത്തുകളിൽ 81– 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ നിർമിക്കാൻ ചതുരശ്ര മീറ്ററിന് ഇനി 50 രൂപയാണ് പെർമിറ്റ് ഫീസ്. 100 ചതുരശ്ര മീറ്ററിൽ വീട് വയ്ക്കാൻ പഞ്ചായത്തുകളിൽ കഴി‌ഞ്ഞ ദിവസം വരെ പെർമിറ്റ് ഫീസ് ഇനത്തിൽ അടച്ചിരുന്നത് 350 രൂപയായിരുന്നു. എന്നാൽ മീറ്റർ സ്ക്വയറിന് മൂന്നര രൂപയുള്ളത് ഒറ്റയടിയ്ക്ക് 50 രൂപയാക്കി വർദ്ധിപ്പിച്ചതോടെ ഇന്ന് 1076 സ്ക്വയർ ഫീറ്റിന് ഫീസ് ഇനത്തിൽ 5000 രൂപയാണ് അടയ്ക്കേണ്ടത്. 350 രൂപ അടച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ 5000 രൂപ അടയ്ക്കേണ്ടത്. മാത്രമല്ല 151 ചതുരശ്ര മീറ്ററായാൽ 15100 രൂപയാണ് അടയ്ക്കേണ്ടത്. 300 ചതുരശ്ര മീറ്ററാണെങ്കിൽ 45000രൂപയും അടയ്ക്കണം. കമേഴ്സ്യൽ ബിൽഡിംഗ് പെർമിറ്റിനുണ്ടായിരുന്ന 150 ചതുരശ്ര മീറ്റർ വരെയുള്ളത് ഇപ്പോൾ 42500 രൂപയായും 310 ചതുരശ്ര മീറ്റർ 4500 എന്നത് 93000 രൂപയായും വർദ്ധിപ്പിച്ചിരിക്കുകയാണ്


ഇതിനൊപ്പം കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലയും ഇന്ധനവിലയും കുത്തനെ കൂടിയതോടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പെടാപ്പാട് പെടുകയാണ് സാധാരണക്കാർ. വീടുവെയ്ക്കാൻ വായ്പയെടുത്തും മറ്റും നിശ്ചിത തുക സ്വരൂക്കൂട്ടിയവർക്ക് ആ തുക കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പുതുതായി നിർമ്മാണം തുടങ്ങാനിരിക്കുന്നവരും അധിക പണം കണ്ടെത്തേണ്ടി വരുന്ന അവസ്ഥയാണ്


ഇതോടെ വീട് വയ്ക്കുന്നവരും ചെറിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവരും വിലക്കയറ്റത്തെത്തുടർന്ന് നിർമ്മാണം താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. കെട്ടിട നികുതി, ലേബർ, റെവന്യൂ ടാസ്ക് എന്നിവയുടെ വില വർദ്ധനവും നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്


വിഷയത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്നും ഫീസിൽ ഏർപ്പെടുത്തിയ വില വർദ്ധനവ് എടുത്തു കളയണമെന്നും കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവെെസേർസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവെെസേർസ് സംസ്ഥാന വെെസ് പ്രസിഡന്റ് പി.കെ ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ എം.എം, ശശിധരൻ വി.പി, റഷീദ് എൻ.കെ, സജീവ് പി.കെ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad