മംഗലപുരം > പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം – ടിക് ടോക് താരങ്ങൾ അറസ്റ്റിൽ. കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വിനീത്(26, മീശ വിനീത്) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റുചെയ്‌തത്. മാർച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്.
പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ കൊണ്ടുപോകവേയാണ് പ്രതികൾ പണം പിടിച്ചുപറിച്ച് ബൈക്കിൽ കടന്നത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ ബൈക്ക് പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച് ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.
അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സിജു കെ പിള്ള, ഡി ജെ ഷാലു, ഫിറോസ്, ദിലീപ്, അനൂപ്, മനു, രാകേഷ്, സന്തോഷ്, ജയശങ്കർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.