തിരുവനന്തപുരം: സമ്മാനമടിച്ചവർ ലോട്ടറി ടിക്കറ്റ് ഹാജരാക്കാത്തതിനാൽ കഴിഞ്ഞ 13 വർഷത്തിനിടെ സർക്കാർ ഖജനാവിലേക്ക് എത്തിയത് 1000 കോടിയിലധികം രൂപ! സമ്മാനാർഹർ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ തുക സർക്കാർ ഖജനാവിലേക്ക് തന്നെ പോകുന്നതു വഴിയാണിത് സംഭവിച്ചത്.ഭാഗ്യപരീക്ഷണത്തിനുള്ള മലയാളിയുടെ ത്വര മൂലം പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിൽക്കുന്നത്.
വിൽക്കാനെത്തുന്ന ആളെ സഹായിക്കാനെന്ന നിലയിൽ ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും സമ്മാനം ലഭിച്ചോയെന്ന് പരിശോധിക്കാത്തതാണ് സർക്കാറിന് ഗുണമാകുന്നത്. ഒന്നാം സമ്മാനമായ ലക്ഷങ്ങൾ വാങ്ങാൻ എത്താത്തവർ പോലും നിരവധിയാണ്. കഴിഞ്ഞ 13 വർഷത്തെ ഏകദേശ കണക്കാണ് 1000 കോടിയിലേറെ.
ടിക്കറ്റ് ഹാജരാക്കാത്തതിനാൽ 2010-18 കാലത്ത് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 663.96 കോടിയെന്നാണ് ഔദ്യോഗിക കണക്ക്. രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരം.
ഏറ്റവും കൂടുതൽ തുക ലഭിച്ചത് 2017ലാണ്; 135,85,31,400 (135.85 കോടി) രൂപ. 2010ൽ 15,26,12,434, ’11ൽ 23,36,48,130, ’12ൽ 48,88,08,850, ’13 ൽ 70,34,63,750, ’14 ൽ 82,21,86,250, ’15ൽ 91,60,79,000,’16ൽ 105,57,95,700,’18 ൽ 90,85,54,400 എന്നിങ്ങനെയാണു കണക്ക്. 2019 മുതൽ 2023 വരെയുള്ള വിവരം ലഭിച്ചിട്ടില്ല. കണക്കുകൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് മറുപടി. ലോട്ടറി ടിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ഈ നിലപാട്.