തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 10 ന് ഗതാഗത മന്ത്രി ഉന്നത തല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി.കേരളത്തില്‍ എ ഐ ക്യാമറ സ്ഥാപിച്ചതോടെ ഇരുചക്രവാഹനങ്ങളില്‍ മൂന്നാമതൊരാളായി കുട്ടി യാത്ര ചെയ്താലും പിഴ വരും. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം. നടപടിയെ വിമര്‍ശിച്ച് എംഎല്‍എ കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തിയിരുന്നു. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണം. എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും എംഎല്‍എ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.