Type Here to Get Search Results !

എ.ഐ കാമറ: ബോധവത്കരണം പാളിച്ചകള്‍ പരിഹരിക്കാന്‍



തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞെങ്കിലും എ.ഐ കാമറ ഉപയോഗിച്ചുള്ള ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്നത് ബോധവത്കരണത്തിന്‍റെ പേരില്‍ ഒരുമാസത്തേക്ക് നീട്ടിയത് 'പാളിച്ചകള്‍' പരിഹരിക്കാന്‍.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ സജ്ജമാക്കാതെയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്.


726 എ.ഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പല പാളിച്ചകളും ഈ സംവിധാനത്തിനുണ്ടെന്നാണ് അറിയുന്നത്.

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനമാണെങ്കിലും മനുഷ്യ വിഭവശേഷി കൂടി ഉപയോഗിച്ചാണ് പിഴ ചുമത്തുന്നത്. അതിന് മതിയായ ജീവനക്കാരില്ലെന്നതാണ് പ്രശ്നം. തലസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് എ.ഐ കാമറകളുടെ സംസ്ഥാന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുള്ളത്. സ്ഥാപിച്ച 726 കാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തുടര്‍ന്ന് അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് വാഹന ഉടമകള്‍ക്ക് പിഴ നോട്ടീസ് അയക്കുക. എല്ലാം കമ്ബ്യൂട്ടറിന്‍റെ സംവിധാനത്തോടെയാണെന്ന് അവകാശപ്പെടുമ്ബോഴും ഇതിനായി ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ ജീവനക്കാരും വേണം.

മിക്ക ജില്ലകളിലും കുറച്ച്‌ കമ്ബ്യൂട്ടറുകളും കണ്‍ട്രോള്‍ റൂം സൗകര്യങ്ങളും മാത്രമേ സജ്ജമായിട്ടുള്ളൂ. മതിയായ ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനവും ലഭ്യമാക്കിയിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ തീയതി കിട്ടിയതിനെ തുടര്‍ന്ന് ധിറുതി പിടിച്ച്‌ ഉദ്ഘാടനം നടത്തുകയായിരുന്നു. ബോധവത്കരണത്തിനെന്ന പേരില്‍ നീട്ടിയ ഒരുമാസം കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

എ.ഐ കാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഉടന്‍ വാഹന ഉടമക്ക് സന്ദേശം ലഭിക്കില്ല. ആ ചിത്രം കണ്‍ട്രോള്‍ റൂമില്‍ വിശകലനം ചെയ്ത് കുറ്റമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ എസ്.എം.എസ് അയക്കൂ. രാത്രി നടക്കുന്ന നിയമലംഘനമാണെങ്കില്‍ പിറ്റേന്ന് രാവിലെ പത്തിന് ഓഫിസ് തുറന്ന ശേഷമാകും ചിത്രം വിശകലനം ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad