തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനിടിച്ച് എന്‍ജിനിലെ കമ്പിയില്‍ കുരുങ്ങിയ വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടിൽ ഭാനു ആണ് മരിച്ചത്. 65 വയസ് ആയിരുന്നു. ഇന്ന് രാവിലെ 9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് ദാരുണാന്ത്യം. വര്‍ക്കല സ്റ്റേഷന് മുന്നിലുള്ള ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ഭാനു ശ്രമിക്കുന്നതിനിടയിലാണ് ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചത്.
ലെവല്‍ ക്രോസ് പെട്ടന്ന് മുറിച്ച് കടക്കാനാവാതെ ഇയാള്‍ ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വയോധികൻ എൻജിന് മുന്നിലുള്ള കൂർത്ത കമ്പിയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വർക്കല പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എന്‍ജിനിൽനിന്നും വേർപെടുത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.