ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 250 സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ കർമപദ്ധതിയുമായി കോൺഗ്രസ്. ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന സീറ്റുകളാണ് ഇതിൽ അധികവും. ഈ സീറ്റുകളിൽ 150 സീറ്റെങ്കിലും ജയിക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് ചുരുങ്ങിയത് 120–130 സീറ്റ് നേടിയാൽ മാത്രമേ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ബിജെപിയെ താഴെ ഇറക്കാനാകൂ എന്നാണു കണക്കുകൂട്ടൽ.
2019ൽ 543 ലോക്സഭാ സീറ്റുകളിൽ 423 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 52 സീറ്റുകളിലും. 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികൾക്ക് സ്വാധീനമുള്ള സീറ്റുകളിൽ മത്സരിച്ച് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. പ്രതിപക്ഷ ഐക്യം ഉറപ്പാക്കാൻ സീറ്റ് വിഭജനത്തിലടക്കം പാർട്ടി വിട്ടുവീഴ്ചയ്ക്ക് തയാറാകും.ഓരോ പാർട്ടിയുമായും ചർച്ചയ്ക്ക് ഓരോ നേതാവിനെ വീതം ചുമതലപ്പെടുത്തും. ഇതിന്റെ ഭാഗമായി കെ സി വേണുഗോപാൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലും പഞ്ചാബിലും കിട്ടിയ സീറ്റുകളിൽ 2024ലും വിജയിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ ദയനീയ പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ (0), കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ (1 വീതം), ഛത്തീസ്ഗഡ് (2) എന്നിവിടങ്ങളിലെ 181 സീറ്റുകളിലാകും കോൺഗ്രസ് മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുക.ബിഹാറിലും മഹാരാഷ്ട്രയിലും പ്രതിപക്ഷ കക്ഷികളുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം ജയിച്ച യുപിയിലും സീറ്റൊന്നും കിട്ടാത്ത ഗുജറാത്ത്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പാർട്ടി വലിയ പ്രതീക്ഷ പുലർത്തുന്നില്ല.