ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ഭീമമായ ചെലവ് വരുമെന്ന് കര്‍ണാടക പൊലീസ്. ഇത്രയും ചെലവ് താങ്ങാനാവില്ലെന്ന് കര്‍ണാടക പൊലീസ്. 20 പൊലീസ് ഉദ്യോഗസ്ഥര്‍ മദനിയെ അനുഗമിക്കും. ഇതിന് ശരാശരി ഒരു കോടി ചിലവു വരും എന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് മദനി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
അതേസമയം, ജാമ്യ വ്യവസ്ഥയിലെ ഇളവ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് മദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ആരോപിച്ചു. ഏത് നിലവരെയും നിയമപരമായി പോകും. മഅദനിയ്ക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും മകന്‍ അറിയിച്ചു.
രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത് . കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മദനി കേരളത്തിലേക്ക് വരേണ്ടതെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.