പാലക്കാട് : കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുട്ടിക്കുളങ്ങര വാർക്കാട് പാളയം സ്വദേശി വി.എസ്.സുബ്രഹ്മണ്യൻ (65) മരിച്ചു. 11 പേർക്കു പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പാളയം മാരിയമ്മൻ ക്ഷേത്രത്തിൽ പൂജാ ഉത്സവത്തിന്റെ എഴുന്നള്ളത്തു സമാപിച്ച ശേഷം വെടിക്കെട്ടിനിടെയാണ് ആന വിരണ്ടത്. 50 മീറ്ററോളം ഇടഞ്ഞു നീങ്ങിയ ആനയെ അപ്പോൾതന്നെ തളച്ചു. ഇതിനിടെ, ഉത്സവം കാണാനെത്തിയ ജനം ചിതറിയോടി. ഇതിനിടയിൽ പെട്ടു സുബ്രഹ്മണ്യൻ വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാർക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്റെ ബന്ധുക്കൾ കല്ലേക്കാടുണ്ട്. രത്തനം ആണ് സുബ്രഹ്മണ്യന്റെ ഭാര്യ. മക്കൾ: ജ്യോതിഷ്, സുജാത. മരുമക്കൾ: ഉഷ, മുരുകേശൻ. കൂലിപ്പണിക്കാരനായ സുബ്രഹ്മണ്യന്റെ വരുമാനത്തിലാണു കുടുംബം ജീവിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. പരുക്കേറ്റ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
കല്ലേക്കാട് സ്വദേശികളായ കുമാരൻ (52), സാജിത (14), അനുശ്രീ (13), ചാമക്കാട് സ്വദേശികളായ ജിൻസി (25), സജിന (39), കോയമ്പത്തൂർ സ്വദേശി ശെന്തിൽ (43), മഹാലക്ഷ്മി (6), ജ്യോതി (32), കണ്ണൻ (49), രജിത (45), അമേഹ (11) തുടങ്ങിയവർക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും കല്ലേക്കാട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്നെത്തിയ പാലാ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.