ഊട്ടിയിൽ സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജയനബ ഫാത്തിമ (13) ആണു മരിച്ചത്. മൂന്നു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും കൂടുതൽ ഗുളിക ആരാണ് കഴിക്കുക എന്നായിരുന്നു മത്സരം. 45 ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴാണു ജയനബ ഫാത്തിമ മരിച്ചത്.
രണ്ട് സംഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തു. രണ്ട് ആൺകുട്ടികളും ഗുളികകൾ കഴിച്ചിരുന്നു. രണ്ടോ മൂന്നോ ഗുളികൾ വീതമാണ് കഴിച്ചത്. അതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല.
കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിനു സർക്കാർ സൗജന്യമായി സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണു ഗുളികകൾ. ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് ഇവ കുട്ടികളുടെ കയ്യിലെത്തിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അധ്യാപിക കലൈവാണി, ആരോഗ്യവകുപ്പു ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.