സംസ്ഥാനത്ത് നാളെമുതൽ നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും.അന്തരീക്ഷത്തിലെ കടുത്ത ചൂടിൽ മാത്രമല്ല വിപണി വിലയിലും ജീവിതം പൊള്ളും. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ടു രൂപ സെസാണ് നിലവിൽ വരുന്നത്.
സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർധന. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില രണ്ട് ശതമാനം ഉയരും.
മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവിൽ വരിക. ഒറ്റത്തവണ ഫീസ് വർധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വർദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയിൽ രണ്ടു ശതമാനം വരെ വർധനവാണ് ഉണ്ടാവുക.
കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും, മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വർധിക്കും. സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. പാലക്കാട് -തൃശൂര്‍ ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾകേന്ദ്രത്തിലും നിരക്ക് കൂടും.
പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദേശങ്ങൾ നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല.