ആശുപത്രി ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു സമരം. ഐഎംഎയെ കൂടാതെ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവരും സമരം നടത്തുന്നുണ്ട്.
സംസ്ഥാന വ്യാപക മെഡിക്കൽ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും പങ്കെടുത്ത വൻ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിനു മുന്നിൽ നടന്ന ധർണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് ഉദ്ഘാടനം ചെയ്തു.
ഐഎംഎ, കെജിഎംസിടിഎ, കെജിപിഎംടിഎ, കെജിഎംഎഫ്എ, കെഎംപിജിഎ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ റാലി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കാര്യാലയത്തിനു മുന്നിൽ സമാപിച്ചു.
ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാത്ത് വലഞ്ഞ് രോഗികളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഒപി ടിക്കറ്റ് കൊടുക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് ജീവനക്കാര്‍ രോഗികളെ അറിയിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലും ഡോക്ടർമാരുടെ സമരത്തിൽ രോഗികൾ വലഞ്ഞു. ഒപി ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. നിരവധി ആളുകളാണു രാവിലെ തന്നെ ആശുപത്രിയിൽ എത്തി കാത്തിരിക്കുന്നത്.