കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഇര ഹര്‍ഷിന.
നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന വ്യക്തമാക്കുന്നു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു നേരത്തെ മന്ത്രി നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് സമരം ഹര്‍ഷിന വീണ്ടും സമരം തുടങ്ങുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി സമരമിരുന്ന ഹര്‍ഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍
സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടായില്ല.
ഇതിനിടെ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ ശരിയാകുമെന്ന അറിയിപ്പാണ് ഓഫീസില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും തീരുമാനം ഉണ്ടാകാതായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കാനാണ് ഹര്‍ഷിനയുടെയും കുടുംബത്തിന്റെയും തീരുമാനം.
അതേസമയം സംഭവത്തില്‍ നിയമനടപടികള്‍ക്കും ഹര്‍ഷിന നീക്കമാരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും.