കൊച്ചി: ആലുവ മെട്രോ സ്റ്റേഷനടുത്ത് ചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം. വനിത യൂട്യൂബറോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനിലെത്തിയ വനിതാ യൂട്യൂബർ ഇന്നും യാത്രക്കാരോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇവരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നിർബന്ധിച്ച് തടഞ്ഞ് നിർത്തിയതോടെയാണ് വീണ്ടും ഓട്ടോക്കാർ ഇടപെട്ടത്. ഇതോടെ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഓട്ടോക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോ തൊഴിലാളികളായ സനോജ് ഇ.എസ്, സിദ്ദീഖ് കെ.എ. അബി എ.ജി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യൂ ട്യൂബറുടെ സംഘം മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ഇവരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥിനികളോട് അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബറെ ആലുവ മെട്രോ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ ചോദ്യം ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെ തൊട്ടടുത്ത ദിവസങ്ങളിലും ചോദ്യങ്ങളുമായെത്തി തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഓട്ടോക്കാർ പറയുന്നു.
ദ്വയാർത്ഥ ചോദ്യങ്ങളുമായി വീണ്ടുമെത്തി; ആലുവയിൽ യൂ ട്യൂബറും ഓട്ടോക്കാരുമായി സംഘർഷം
March 02, 2023
Tags