Type Here to Get Search Results !

ത്രിപുരഭരണം ഇത്തവണയും ബിജെപിക്ക് സ്വന്തം; സിപിഎം- കോണ്‍ഗ്രസ് സഖ്യസ്വപ്‌നം പൊലിഞ്ഞു

 


അഗര്‍ത്തല: ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്ന സി.പി.എം. കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്വപ്‌നം ഫലിച്ചില്ല. അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ത്രിപുരയിലെ സമ്മതിദായകര്‍ മറ്റൊരു അവസരം കൂടി നല്‍കി. ഭരണവിരുദ്ധവികാരമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയെ എതിരിടാന്‍ ഒരുങ്ങിയ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തോല്‍വി. സഖ്യത്തിന് പുറമേ തിപ്രമോത്തയും ഉയര്‍ത്തിയ വെല്ലുവിളി ബി.ജെ.പിക്ക് ത്രിപുരയില്‍ തലവേദനയായില്ല.


2013-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുപോലും എം.എല്‍.എമാരെ ഇരുത്താന്‍ സാധിക്കാതിരുന്ന ബി.ജെ.പി. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടന്നാണ് 2018-ല്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയെ ചേര്‍ത്ത് പിടിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടിക്കൊടുക്കാന്‍ ത്രിപുരയിലെ വോട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മികച്ച സര്‍ക്കാര്‍ ഏതെന്ന് ചോദിക്കുമ്പോഴെല്ലാം, 25 വര്‍ഷം ഭരിച്ച ഇടതിനോട് അഞ്ചു വര്‍ഷം മാത്രം ഭരണത്തിലിരുന്ന ബി.ജെ.പി. സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന ത്രിപുരയിലെ ജനതയുടെ അഭിപ്രായപ്രകടനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പൊതുവികാരമായി മാറി എന്നാണ് ഫലം നല്‍കുന്ന സൂചന.


ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയെ അടര്‍ത്തിയെടുത്തും അവരുടെ സ്വാധീനമേഖലയില്‍ കടന്നുകയറിയും വെല്ലുവളിയുയര്‍ത്തിയ, ത്രിപുര രാജകുടുംബാംഗം പ്രദ്യോത് ദേബ് ബര്‍മ്മയുടെ തിപ്ര മോത്ത പാര്‍ട്ടി, ബി.ജെ.പിക്ക് കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്ന് വേണം കരുതാന്‍. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചുപോകുമെന്ന ഇടത് സഖ്യത്തിന്റെ വാഗ്ദാനവും ത്രിപുരയിലെ ജനങ്ങള്‍ കാര്യമായെടുത്തില്ല. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപകരുടെ പ്രതിഷേധവും സഖ്യത്തിന് ഗുണകരമായില്ല.


ഒരു എം.എല്‍.എ. പോലുമില്ലാതിരുന്ന ബി.ജെ.പി. 2018-ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബിപ്ലബ് ദേബ് കുമാറിനെ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി നിയോഗിച്ചിരുന്നു. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും പ്രതിച്ഛായ നഷ്ടവും കാരണം ഇദ്ദേഹത്തെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയിരുന്നു. ഗോത്രവര്‍ഗത്തേയും യുവാക്കളേയും വനിതകളേയും ലക്ഷ്യമിട്ട് ബി.ജെ.പി. നല്‍കിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. പ്രാദേശികമായി സ്വാധീനമുള്ള ചെറുകക്ഷികളുമായി കൂട്ടുചേര്‍ന്ന ശേഷം സംസ്ഥാനങ്ങളില്‍ പടര്‍ന്നുകയറുന്ന ബി.ജെ.പി. തന്ത്രവും ത്രിപുരയില്‍ വിജയച്ചുവെന്നാണ് സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ ഒരു സീറ്റിലെ വിജയം നല്‍കുന്ന സൂചന. കഴിഞ്ഞ തവണ ഒമ്പതിടത്ത് മത്സരിച്ച ഐ.പി.എഫ്.ടി. എട്ടിടത്ത് വിജയിച്ചിരുന്നു. ഇത്തവണ അഞ്ചിടത്ത് മത്സരിച്ചപ്പോഴാണ് ഒരു സീറ്റില്‍ മാത്രം വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad