Type Here to Get Search Results !

വണ്ടിപിടിത്തം മൊത്തം ഡിജിറ്റലാക്കും; റോഡിലെ കാടത്തം നിറുത്തിക്കും



തിരുവനന്തപുരം: വളവുകളിൽ മറഞ്ഞു നിന്ന് വാഹനത്തിനു മുന്നിൽ ചാടിവീണുള്ള വാഹനപരിശോധന നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം. നാലു വർഷം മുൻപ് ലോകബാങ്ക് സഹായത്തോടെ 1.86 കോടി ചെലവിൽ കൊണ്ടുവന്ന ഡിജിറ്റൽ ട്രാഫിക് പരിശോധനാ സംവിധാനം (മൊബൈൽ ആപ്ലിക്കേഷൻ) കർശനമായി നടപ്പാക്കും. പ്രാകൃത രീതി ആവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൈമടക്ക് വാങ്ങി ശീലിച്ചവരാണ് ഡിജിറ്റൽ പരിശോധനയോട് മുഖംതിരിക്കുന്നതെന്നാണ് സർക്കാർ നിഗമനം.

ബൈക്കിൽ വീട്ടിലേക്ക് പോകവേ ഇടവഴിയിൽ വച്ച് എസ്.ഐയുടെ മർദ്ദനത്തിനിരയായി തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ ദാരുണമായി മരണപ്പെട്ടതാണ് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള പിഴയിടലിന്റെയും ട്രാഫിക് പരിശോധനയുടെയും വിവരങ്ങൾ പൊലീസ് മേധാവിയോട് അടിയന്തരമായി തേടും. ഡിജിറ്റൽ പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന് പഠിക്കും. പുതിയ മാർഗ്ഗനിർദ്ദേശവും ഉടൻ പുറപ്പെടുവിക്കും.


ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നാലുവർഷം മുൻപ് പൊലീസുകാരുടെ മൊബൈലിൽ അത്യാധുനിക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമൊരുക്കിയത്. അമിതവേഗത, അപകടകരമായ ഡ്രൈവിംഗ്, തെറ്റായ ഓവർടേക്കിംഗ്, ചുവപ്പ്സിഗ്നൽ, മഞ്ഞവര മറികടക്കൽ, വൺവേ ലംഘനം, തെറ്റായ പാർക്കിംഗ് എന്നിവ ഇതിലൂടെ കണ്ടെത്താം. തിരുവനന്തപുരത്താണ് കൺട്രോൾ റൂം.


പരിശോധനയുടെയും പെറ്റിയുടെയും പേരിൽ ജനങ്ങളെ റോഡിൽ തടയുന്നതും പിന്തുടരുന്നതും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. 4000 പൊലീസുകാരെ വാഹനപരിശോധനയിൽ നിന്ന് പിൻവലിക്കാനും കഴിയുമായിരുന്നു. പെറ്റിക്കേസ് തയ്യാറാക്കൽ, നോട്ടീസെഴുതൽ, പിഴയീടാക്കൽ, രജിസ്റ്ററുണ്ടാക്കൽ, സമൻസ് അയയ്ക്കൽ എന്നിവയ്ക്കു വേണ്ട 2000 പൊലീസുകാരെയും കുറയ്ക്കാമായിരുന്നു.


നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ആയിരത്തോളം കാമറകളും ഇതിനൊപ്പം സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഓട്ടോമാറ്റിക്കായി നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനും ഹെൽമറ്റില്ലാത്തവരെയും സിഗ്നൽ അവഗണിക്കുന്നവരെയും തിരിച്ചറിയാനും കാമറകൾക്കാവും. ഇവ ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad