ഇന്ധന സെസ് നടപ്പിലാക്കുന്നതോടെ ചരക്ക് ലോറിയുടെ വാടക കൂട്ടേണ്ടി വരുമെന്ന് ഉടമകള്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇനിയും അധികബാധ്യത താങ്ങാനാവില്ല. ലോറി വാടക കൂടുന്നതോടെ അവശ്യസാധനങ്ങളുടെ നിരക്കും കുത്തനെ ഉയരും . ഇതര സംസ്ഥാനങ്ങളിലെ ചരക്കുമായി കേരളത്തിലെ പ്രധാന കമ്പോളങ്ങളിലേക്ക് എത്തുന്ന ലോറി ഉടമകള്‍ക്ക് ലീറ്ററിന് രണ്ട് രൂപയുടെ അധിക സെസ് ഇരുട്ടടിയാണ്. ലോറി വാടക കൂടുന്നത് അവശ്യസാധനങ്ങളുടെ വില വര്‍ധനയ്ക്കും കാരണമാകും. ഒരു തവണത്തെ ഓട്ടത്തിന് ശരാശരി രണ്ടായിരത്തിനോട് അടുത്ത് അധികബാധ്യതയെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. നിലവില്‍ വലിയ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും വാടക കൂട്ടലല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഉടമകള്‍.
ഡീസലിന് എട്ട് രൂപയോടടുത്ത് വ്യത്യാസമുള്ള കര്‍ണാടകയിലും തമിഴ്നാട്ടിലുമെത്തി മടങ്ങുന്നവരില്‍ ഒരുവിഭാഗം ലോറി ഉടമകള്‍ ഇന്ധനം ശേഖരിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരാണ്. നിരക്ക് ഏകീകരണമെന്ന് ലോറി ഉടമകള്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും പഴം, പച്ചക്കറി, അരി തുടങ്ങിയവയുടെ വില ഗ്രാഫ് ഉയരും. കുടുംബ ബജറ്റിന്റെ താളം തെറ്റും.