കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ നേരിടും.
കിരീടം നിലനിര്‍ത്താന്‍ ഹൈദരാബാദ് എഫ് സി. കിരീടം വീണ്ടെടുക്കാന്‍ എടികെ മോഹന്‍ ബഗാന്‍. ഒറ്റവിജയത്തിനപ്പുറം കിരീടപ്പോരാട്ടം. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദ സെമിയില്‍ ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു.
എടികെ ബഗാന്റെ ഹോംഗ്രൗണ്ടായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ജീവന്‍മരണ പോരാട്ടം. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഹോം ഗ്രൗണ്ടില്‍ ജയിച്ചു. രണ്ട് കളിയും അവസാനിച്ചത് ഓരോ ഗോളടിച്ച്. എടികെ ബഗാനും ഹൈദരാബാദും ആകെ ഒന്‍പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാന്‍ മൂന്നിലും ഹൈദരാബാദ് രണ്ട് കളിയും ജയിച്ചു. നാല് കളി സമനിലയില്‍. ലീഗ് റൗണ്ടില്‍ 42 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ഹൈദരാബാദ്.
36 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനാറ് ഗോള്‍. 34 പോയിന്റുമായി മൂന്നാമതായ എടികെ ബഗാള്‍ 24 ഗോള്‍ നേടി. 17 ഗോള്‍ വഴങ്ങി. എടികെ ബഗാന്റെ ടോപ് സ്‌കോററായ ദിമിത്രി പെട്രറ്റോസും ഹൈദരാബാദിന്റെ ടോപ് സ്‌കോററായ ബാര്‍ത്തലോമിയോ ഒഗ്ബച്ചേയും നേടിയത് പത്ത് ഗോള്‍ വീതം.