Type Here to Get Search Results !

ചരിത്രം ! പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ് 

 


മുംബൈ: ഇതാ ചരിത്രം. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ ആദ്യ ഓവറുകളില്‍ തന്നെ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. രണ്ടാം ഓവറില്‍ ഓപ്പണര്‍ യാസ്തിക ഭാട്ടിയയേയും നാലാം ഓവറില്‍ ഹെയ്‌ലി മാത്യൂസിനേയും മുംബൈക്ക് നഷ്ടമായി. യാസ്തിക ഭാട്ടിയ മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സെടുത്തപ്പോള്‍ ഹെയ്‌ലി മാത്യൂസ് 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്തു. 

എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും നാറ്റ് സിവര്‍ ബ്രണ്ടും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50-കടത്തി. ടീം സ്‌കോര്‍ 95-ല്‍ നില്‍ക്കേ ഹര്‍മന്‍പ്രീതിനെ റണ്‍ഔട്ടാക്കി ഡല്‍ഹി വിജയപ്രതീക്ഷ നിലനിര്‍ത്തി. 39 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് മടങ്ങിയത്. എന്നാല്‍ നാറ്റ് സിവര്‍ ബ്രണ്ടും മെലീ കെറും ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. 55 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് നാറ്റ് സിവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തീരുമാനം പാളുന്നതാണ് തുടക്കത്തില്‍ കാണാനായത്. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഷഫാലി വര്‍മ്മയെ ഡല്‍ഹിക്ക് നഷ്ടമായി. ഓവറിലെ ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ ഷഫാലിയെ മൂന്നാം പന്തില്‍ പുറത്താക്കി ഇസ്സി വോങ് തിരിച്ചടിച്ചു. പിന്നാലെ അഞ്ചാം പന്തില്‍ ആലിസ് കാപ്‌സിയേയും വോങ് പുറത്താക്കി. അതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 

വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ അല്‍പ്പമെങ്കിലും സംഭാവന ചെലുത്തിയത്. ഒമ്പത് റണ്‍സെടുത്ത ജെമീമ റോഡ്രിഗസിനേയും വോങ് കൂടാരം കയറ്റിയതോടെ ഡല്‍ഹി അപകടം മണത്തു. പിന്നീട് മെഗ് ലാന്നിങ്ങും മരിസാന്നെ കാപ്പും ചെറുത്തുനില്‍പ്പ് നടത്തിയതോടെയാണ് ഡല്‍ഹി കരകയറുന്നത്. ടീം സ്‌കോര്‍ 73-ല്‍ നില്‍ക്കേ കാപ്പിനെ പുറത്താക്കി മെലീ കെര്‍ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. 

12-ാം ഓവറില്‍ മെഗ് ലാന്നിങ് റണ്‍ ഔട്ടായതോടെ ഡല്‍ഹി വലിയ തകര്‍ച്ചയിലേക്ക് വീണു. 29 പന്തില്‍ നിന്ന് 35 റണ്‍സെടുത്താണ് ലാന്നിങ് മടങ്ങിയത്. പിന്നാലെ ഡല്‍ഹി ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് കണ്ടത്. അരുന്ധതി റെഡ്ഡി(0), ജെസ്സ് ജൊനാസ്സന്‍(2), മിന്നു മണി(1), തനിയ ഭാട്ടിയ(0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിഖ പാണ്ഡെയും രാധ യാദവുമാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 17 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ശിഖയും 12 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത രാധയും പുറത്താവാതെ നിന്നു. ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സിന് ഡല്‍ഹിയുടെ ഇന്നിങ്‌സ് അവസാനിച്ചു. 

മൂന്ന് വീതം വിക്കറ്റെടുത്ത ഇസ്സി വോങ്ങും ഹെയ്‌ലി മാത്യൂസുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മെലീ കെര്‍ രണ്ട് വിക്കറ്റെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad