തിരുവനന്തപുരം: ഇന്നാരംഭിച്ച പ്ലസ് വണ്‍ പരീക്ഷയില്‍ പിങ്ക് കലര്‍ന്ന ചുവപ്പ് ചോദ്യപേപ്പര്‍ നല്‍കിയതിനെതിരെ അധ്യാപക സംഘടനകള്‍.
പരീക്ഷകള്‍ക്ക് ആദ്യമായി പിങ്ക് കലര്‍ന്ന ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കില്‍ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകള്‍ കളറില്‍ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ദുല്‍ ജലീല്‍ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ക്ക് കളര്‍ ചോദ്യപേപ്പറുകള്‍ പ്രിന്റ് ചെയ്യാന്‍ സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഫ്ലൂറസന്റ് റിഫ്ലക്ഷന്‍ പ്രതീതി സൃഷ്ടിക്കുന്ന ചോദ്യപേപ്പറുകള്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് പ്രശ്നമുണ്ടാക്കാനിടയായിട്ടുണ്ടെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കി ഹയര്‍ സെക്കന്‍ഡറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാത്തരം വിദ്യാര്‍ഥികളെയും പരിഗണിച്ച് ചോദ്യ പേപ്പര്‍ കറുത്ത കളറില്‍ തന്നെ പ്രിന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് കറുപ്പ് മഷിക്ക് പകരം പിങ്ക് കലര്‍ന്ന ചുവപ്പ് നിറത്തില്‍ അച്ചടിച്ചുവന്നത്. സാധാരണ വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ അച്ചടിച്ചുവരുന്ന ചോദ്യപേപ്പറിലാണ് ഇത്തവണ ചുവപ്പിന്‍റെ 'അധിനിവേശം'.
എന്നാല്‍, ഒരേസമയം ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ നടക്കുന്നതിനാല്‍ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പ്ലസ് വണ്‍ ചോദ്യങ്ങളുടെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. പ്ലസ് ടു ചോദ്യങ്ങള്‍ കറുത്ത മഷിയില്‍ തന്നെയാണ് അച്ചടിച്ചുനല്‍കിയത്. എന്നാല്‍, മുന്‍വര്‍ഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ നടന്നപ്പോള്‍ ഉണ്ടാകാത്ത പ്രശ്നത്തിന്‍റെ പേരില്‍ ഇപ്പോള്‍ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറയുന്നത്.