Type Here to Get Search Results !

​സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു; രണ്ടുമാസത്തിനിടെ മരിച്ചത് 50പേർ; കഴിഞ്ഞവർഷം 557



കടുത്ത വേനലിലും സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു. പൊതുജനങ്ങൾക്ക് വേണ്ടത്ര അവബോധം ലഭിക്കാത്തതും മുന്നറിയിപ്പുകൾ അവഗണിക്കുന്നതുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. സ്കൂൾ വിനോദയാത്രക്കിടെ ഇടുക്കി മാങ്കുളത്ത് പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് അവസാന സംഭവം. കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ വെള്ളത്തിൽ വീണുള്ള 960 അപകടങ്ങളാണ് ഫയർഫോഴ്സ് മാത്രം കൈകാര്യം ചെയ്തത്. ഇതിൽ 557പേർ മരിച്ചു. അതിൽ 238 പേരും 30വയസ്സിൽ താഴെ പ്രായമുള്ളവരാണ്.


ഈവർഷം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് അമ്പതിലേറെപ്പേർ മുങ്ങിമരിച്ചു. വ്യക്തമായ അവബോധം ആർക്കും ഇല്ലെന്നതാണ് ഇത്രയധികം മുങ്ങിമരണങ്ങൾക്ക് കാരണം. നീന്താൻ ശ്രമിച്ച് മുങ്ങിമരിക്കുന്നവരിൽ ഏറെയും നീന്തൽ അറിയാവുന്നവർ തന്നെയാണ്.

പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങിയാണ് അപകടത്തിൽപെടുക. മസിൽ കയറിയും അവശനായും നീന്താൻ പറ്റാതാകും. വെള്ളത്തിൽ മുങ്ങിയാൽ പിന്നെ മൂന്നുമിനിറ്റ് മാത്രമേ ജീവിക്കൂ. സ്വിമ്മിങ് പൂളിലും ചെറിയ കുളങ്ങളിലുമൊക്കെ പഠിച്ചശേഷം നീന്തൽ അറിയാമെന്ന ധാരണയിൽ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപെടുന്നവരാണ് വിദ്യാർഥികളിലും യുവാക്കളിലുമേറെയും. ജലാശയങ്ങളിലെ ആഴവും ഒഴുക്കിന്‍റെ സ്വഭാവവും വെള്ളത്തിലിറങ്ങുന്നവർ അറിഞ്ഞിരിക്കണം.


പരിചയമില്ലാത്ത ജലാശയങ്ങളിൽ നീന്തൽ അറിയാവുന്നവർ പോലും കുളിക്കാനും മറ്റും ഇറങ്ങുന്നത് സൂക്ഷിക്കണം. അപകടത്തിൽപ്പെടുന്നവരെ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നത് കൂടുതൽപേർ അപകടത്തിൽപ്പെടാൻ ഇടവരുത്തുന്നു. മുങ്ങിമരണം നേരിടാൻ പുഴക്ക് ആഴവും ശക്തമായ നീരൊഴുക്കുമുള്ള സ്ഥലങ്ങളിലെ പാലങ്ങൾക്കെല്ലാം ആൾമറ നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതോടൊപ്പം വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടാൻ ഇടയുള്ള 96 ഹോട്ട് സ്പോട്ടുകളും കണ്ടെത്തിയിരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

Top Post Ad

Below Post Ad