Type Here to Get Search Results !

ഭർതൃമാതാവിനെ പരിചരിച്ചില്ല; സർക്കാർ ജീവനക്കാരിയായ മരുമകൾക്കെതിരെ നടപടി, മാസം 3000 രൂപ ഈടാക്കും



ഒറ്റപ്പാലം∙ മതിയായ പരിപാലനം ലഭിക്കുന്നില്ലെന്ന വയോധികയു‌ടെ പരാതിയിൽ, പരേതനായ ഇളയമകന്റെ ഭാര്യക്കെതിരെ ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണലിന്റെ നടപടി. പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരിയായ മരുമകളുടെ ശമ്പളത്തിൽ നിന്നു ജീവനാംശം ഈടാക്കാൻ സബ് കലക്ടർ ഡി.ധർമലശ്രീ അധ്യക്ഷയായ ട്രിബ്യൂണൽ ഉത്തരവിട്ടു.


ജീവനക്കാരിയുടെ പ്രതിമാസ ശമ്പളത്തിൽ നിന്നു 3000 രൂപ ഈടാക്കി എൺപത്തിയേഴുകാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവർ ജോലിചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു. തറവാട്ടുവീട്ടിൽ നിന്നു 30 ദിവസത്തിനകം മരുമകൾ മാറിത്താമസിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



ചളവറ സ്വദേശിയായ അമ്മയുടെ സർക്കാർ ഉദ്യോഗസ്ഥനായ ഇളയമകൻ 10 വർഷം മുൻപാണു മരിച്ചത്. പിന്നീട് ആശ്രിത നിയമനം വഴിയാണു ഭാര്യക്കു ജോലി ലഭിച്ചത്. പരാതിക്കാരിയായ അമ്മയും മരുമകളും തറവാട്ടുവീട്ടിലാണ് താമസം. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വീട്ടുപകരണങ്ങളൊന്നും ഉപയോഗിക്കാൻ നൽകാത്തവിധം പൂട്ടിവയ്ക്കുന്നുവെന്നും മറ്റ് മക്കൾ വന്നു കാണുന്നതിന് തടസ്സം നിൽക്കുന്നുവെന്നുമാണ് അമ്മ സമർപ്പിച്ച പരാതിയെന്ന് ഉത്തരവിൽ പറയുന്നത്. 2018ലും 2019ലും അമ്മ ഇതേ അവശ്യങ്ങളുന്നയിച്ചു ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ലെന്നാണു പരാതി.


പിന്നീടാണ് 2021ലാണു വീണ്ടും പരാതി നൽകിയത്. സബ് കലക്ടർ ഡി. ധർമലശ്രീയും ട്രിബ്യൂണലിലെ ജീവനക്കാരും ഇവരുടെ വീട്ടിൽ നേരിട്ടു സന്ദർശിച്ചു പരാതിയിൽ കഴമ്പുണ്ടെന്നു തിരിച്ചറിഞ്ഞതായി ഉത്തരവിൽ പറയുന്നു. തുടർന്നാണ് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമം ഉറപ്പാക്കുന്ന നിയമപ്രകാരം ഏപ്രിൽ മുതൽ ശമ്പളത്തിൽ നിന്ന് പണം ഈടാക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.


പരാതിക്കാരിയുടെ പ്രായവും മറ്റ് മക്കളുടെ വീട്ടിൽ മതിയായ സൗകര്യങ്ങളില്ലെന്നും പരിഗണിച്ചാണു തറവാട്ടിൽ തന്നെ അവരെ നിലനിർത്താനും മകന്റെ ഭാര്യയോട് മാറിതാമസിക്കാനും നിർദേശിച്ചത്. അനുവദനീയമായ സമയത്തിനകം മാറി താമസിച്ചില്ലെങ്കിൽ നടപടിക്കു ഷൊർണൂർ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസറെയും ട്രിബ്യൂണൽ ചുമതലപ്പെടുത്തി. മൂത്ത മകനോട് ദിവസവും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനും വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യയോടു ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാനും ട്രിബ്യൂണൽ നിർദേശം നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad