ന്യൂഡൽഹി: വികസിത രാജ്യങ്ങൾക്കൊപ്പം അഞ്ചാം തലമുറ ( 5ജി ) ടെലികോം സാങ്കേതിക വിദ്യ നടപ്പാക്കിയ ഇന്ത്യ, 2030 ഓടെ നൂറ് മടങ്ങ് വേഗതയുള്ള ആറാം തലമുറ ഭാരത് 6 ജി സേവനങ്ങൾ നടപ്പാക്കും. ഇതിനായുള്ള 6ജി നയരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്‌തു. സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ ശേഷിയാണ് 6 ജിയിൽ പ്രതീക്ഷിക്കുന്നത്. ഉപകരണങ്ങളുടെ പ്രതികരണ സമയവും വളരെ കുറവ്. രണ്ടു ഘട്ടങ്ങളായി 6ജി വിദ്യ നടപ്പാക്കും. അതിന് മുൻപ് 5ജി സേവനം രാജ്യമെമ്പാടും എത്തിക്കും.
6ജി യുടെ രൂപകല്പനയും പദ്ധതികളും തയ്യാറാക്കാൻ 2021 നവംബറിലാണ് ടെലികോം സെക്രട്ടറി രാജാരാമൻ അദ്ധ്യക്ഷനായി 6ജി ടെക്‌നോളജി ഇന്നൊവേഷൻ കമ്മിറ്റി രൂപീകരിച്ചത്. യു.എസ്, ദക്ഷിണ കൊറിയ, യൂറോപ്പ്, ജപ്പാൻ, ചൈന എന്നിവയാണ് 6ജി ഗവേഷണം ആരംഭിച്ച മറ്റ് രാജ്യങ്ങൾ.