Type Here to Get Search Results !

ഇന്ന് മുതല്‍ ടോള്‍: മൈസൂരു-ബെംഗളൂരു അതിവേഗപാതയില്‍ നിരക്ക് 135 മുതല്‍ 880 വരെ



പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയില്‍ ഇന്ന് (14-3-2023) മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാവിലെ എട്ടുമണി മുതലാണ് ബെംഗളൂരു-നിദാഘട്ട റീച്ചില്‍ ടോള്‍ പിരിവ് ആരംഭിച്ചിരിക്കുന്നത്. വാഹനങ്ങളെ ആറായി തരം തിരിച്ചായിരിക്കും ടോള്‍ ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോള്‍ പ്ലാസയില്‍നിന്നാണ് തുക ഈടാക്കുക.

അതിവേഗപാതയില്‍ ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ടവരെയുള്ള ഭാഗത്തെ ടോളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റര്‍) നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി (61 കിലോമീറ്റര്‍) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്.

ബെംഗളൂരു മുതല്‍ നിദാഘട്ടവരെയുള്ള ആദ്യ സെക്ഷനില്‍ 135 രൂപയായിരിക്കും ടോള്‍ ഈടാക്കുക. തിരിച്ചും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇത് 205 രൂപ ഈടാക്കും. അതേസമയം, പ്രതിമാസ പാസ് നേടുകയാണെങ്കില്‍ 4525 രൂപയാണ് ടോള്‍ നിരക്ക്. ഇതില്‍ 50 യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. നിദാഘട്ടമുതല്‍ മൈസൂരുവരെ 120 രൂപയായിരിക്കും ഭാവിയില്‍ ടോള്‍ ഈടാക്കുക. അതിവേഗപാതയില്‍ ഒരുവശത്തേക്കുള്ള പൂര്‍ണമായ ടോള്‍നിരക്ക് കാറുകള്‍ക്ക് 255 രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായാണ് ബെംഗളൂരു - മൈസൂരു അതിവേഗപ്പാത പണിതത്. പാത തുറക്കുന്നതോടെ ബെംഗളൂരു - മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി കുറയും. നിലവില്‍ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെയാണ് മൈസൂരു - ബെംഗളൂരു യാത്രയ്ക്കായി വേണ്ടിവരുന്നത്. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്.

പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപ്പാത. രണ്ടുവരിപ്പാതകള്‍ സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. മധ്യത്തിലുള്ള ആറുവരിപ്പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. ബെംഗളൂരുവില്‍ നിന്ന് നിദാഘട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ടു ഘട്ടങ്ങളായാണ് പാത നിര്‍മിച്ചിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad