ഇടുക്കി: ചിന്നക്കനാലിലും ശാന്തൻപാറയിലും നാശംവിതച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ് ഹൈക്കോടതി. ഹര്‍ജി നിലനിക്കുമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.
ഹൈക്കോടതി വിധിയിൽ വനം മന്ത്രി എ കെ ശശീന്ദ്രനും ആശങ്ക പ്രകടിപ്പിച്ചു. അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിനു മുമ്പ് തന്നെ അരിക്കൊമ്പനെ പിടികൂടാൻ സാധിക്കുമായിരുന്നു. മൂന്നാറിൽ അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്ന് കോടതി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരു ആന വരും. മാര്‍ഗരേഖ വേണമെന്നും കോടതി നിരീക്ഷിച്ചു. കാട്ടിലെ എല്ലാ മൃഗങ്ങളേയും കൂട്ടിലിടാന്‍ പറ്റില്ലല്ലോ. പിടികൂടിയ ശേഷം ആനയെ എന്ത് ചെയ്യും?. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാനാകുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വരുംദിവസങ്ങളിൽ ഇതിനുളള പരിഹാരമാർഗങ്ങൾ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
ആനയുടെ സഞ്ചാരപാതയിലും വാസമേഖലയിലും മനുഷ്യനെ പാര്‍പ്പിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. റീസെറ്റില്‍മെന്റ് നടത്തുമ്പോള്‍ ആനകളുടെ ആവാസ മേഖലയെന്നത് പരിഗണിച്ചില്ലേ?. മനുഷ്യവാസമുളള സ്ഥലങ്ങളില്‍ ആന വരാതിരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു?. 301 കോളനിയില്‍ താമസിക്കുന്നവരെ റീസെറ്റില്‍ ചെയ്യുന്നത് ആലോചിച്ചു കൂടേ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. അതേസമയം അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 18 വർഷത്തിനിടെ ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 52 വീടുകളും കടകളുമാണ് 2017ൽ മാത്രം തകർത്തത്.