Type Here to Get Search Results !

ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ വർധന



▪️സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എത്ര വർദ്ധനവുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറവാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധന. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകും.


സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക. ഇത് ഒന്നിലധികം തലത്തിലുള്ള പരിശോധനകൾ, കാലതാമസം, തടസ്സങ്ങൾ എന്നിവ ഒഴിവാക്കും. കെട്ടിട ഉടമകളുടെയും കെട്ടിട പ്ലാൻ തയ്യാറാക്കി മേൽനോട്ടം വഹിക്കുന്ന ലൈസൻസി / എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും.


തീരദേശ പരിപാലന നിയമവും തണ്ണീർത്തട സംരക്ഷണ നിയമവും ബാധകമായ പ്രദേശങ്ങളിലല്ല കെട്ടിടങ്ങൾ നിർമ്മിക്കുന്നതെന്നും കെട്ടിടനിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം അപേക്ഷയിൽ സമർപ്പിക്കണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണവും യഥാർഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് കണ്ടെത്തിയാൽ പിഴ, അനധികൃതമായി നിർമ്മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നിവ ഉണ്ടാകും. അടുത്ത ഘട്ടത്തിൽ ഈ സംവിധാനം ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad