ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നാഷണൽ ഹൈവേ, എക്‌സ്പ്രസ് വേകള്‍ എന്നിവയിലൂടെയുള്ള യാത്രയ്ക്കാണ് ടോള്‍ നിരക്ക് വര്‍ധിപ്പിക്കുക. അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാകും ടോള്‍ നികുതി വര്‍ധനയെന്നാണ് റിപ്പോര്‍ട്ട്.
നാഷണൽ ഹൈവേയ്സ് ഫീസ് ചട്ടം 2008 പ്രകാരമാണ് താരിഫ് പരിഷ്‌കരണം. പുതുക്കിയ ടോള്‍ നിരക്കുകള്‍ക്കുള്ള നിര്‍ദ്ദേശം മാര്‍ച്ച് 25നകം എന്‍എച്ച്എഐയുടെ എല്ലാ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ നിന്നും അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ദേശീയ ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയ്ക്ക് ശേഷം പുതുക്കിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
കാറുകള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും അഞ്ച് ശതമാനം അധിക നിരക്കും ഹെവി വാഹനങ്ങളുടെ ടോള്‍ നിരക്ക് പത്ത് ശതമാനം വരെ വര്‍ധിച്ചേക്കാമെന്നുമാണ് റിപ്പോർട്ടുകൾ
ടോള്‍ നികുതി
2022ല്‍ ടോള്‍ നിരക്ക് പത്ത് മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ദേശീയ പാതകളില്‍ യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും താരിഫ് നിരക്ക് 10 മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. നിലവില്‍ എക്‌സ്പ്രസ് വേയില്‍ കിലോമീറ്ററിന് 2.19 രൂപയാണ് ടോള്‍ നികുതിയിനത്തില്‍ ഈടാക്കുന്നത്.
പ്രതിമാസ പാസ്
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സാധാരണയായി കുറഞ്ഞ നിരക്കിലാണ് പ്രതിമാസ പാസ് നല്‍കുന്നത്. പുതിയ പരിഷ്‌കരണത്തോടെ പ്രതിമാസ പാസിലും 10 ശതമാനം വര്‍ധനവ് ഉണ്ടാകും.
2008ലെ നാഷണല്‍ റോഡ്‌സ് ഫീ റെഗുലേഷന്‍സ് അനുസരിച്ച് നിര്‍ദ്ദിഷ്ട യൂസര്‍ ഫീ പ്ലാസയുടെ പ്രത്യേക ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് നികുതി നിരക്ക് ഇളവ് ചെയ്ത് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നില്ല.
നാഷണൽ ഹൈവേ ടോള്‍ പിരിവിലെ വര്‍ധന
2022 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാതകളില്‍ നിന്ന് പിരിച്ചെടുത്ത ടോള്‍ 33,881.22 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 21 ശതമാനം വര്‍ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2018-19 മുതല്‍ രാജ്യത്തെ ദേശീയ പാതകളിലൂടെയുള്ള ടോള്‍ തുകയില്‍ 32 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. 1,48,405 കോടി രൂപയാണ് അന്ന് ശേഖരിച്ചത്.
2022ല്‍ ദേശീയ-സംസ്ഥാന പാതകളിലെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് വഴി മൊത്തം ശേഖരിച്ചത് 50,855 കോടി രൂപ അഥവാ പ്രതിദിനം ശരാശരി 139.32 കോടി രൂപയാണ് എന്ന് ദേശീയ റോഡ് ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകളാണിത്.