ലോകത്ത് ഏകദേശം 55 കോടി ആളുകളാണ് ഹൃദയവും രക്തചംക്രമണവും സംബന്ധിച്ച രോഗങ്ങളുമായി ജീവിക്കുന്നത്. ഇവയ്ക്ക് ഫലപ്രദമായ ചികിത്സാരീതികളുണ്ടെങ്കിലും ചെലവേറിയതാണ്. വെറും അയ്യായിരം രൂപ നിരക്കിൽ ഹൃദയത്തിലെ ബ്ലോക്കുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ പുതിയ തരം ആൻജിയോഗ്രഫി ചികിത്സ ലഭ്യമാണെന്ന തരത്തിൽ ഒരു വീഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.
വാസ്തവമെന്തെന്ന് പരിശോധിക്കാം.
വീഡിയോയിൽ ഒരാൾ നൂൽ ഘടിപ്പിച്ച ഗുളിക വിഴുങ്ങുന്നത് കാണാം. ഇത് ആമാശയത്തിലെത്തുന്നതോടെ തോട് പൊളിഞ്ഞ് ചകിരി പോലൊരു വസ്തു പുറത്തേക്കു വരുന്നു. ശേഷം, നൂൽ വലിച്ച് ഇതിനെ പുറത്തേക്ക് എടുക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത് ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ചികിത്സയാണിതെന്നാണ്. എന്നാൽ, ഇത് കാൻസർ നിർണ്ണയത്തിനുള്ള രീതിയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. മാത്രമല്ല, ദൃശ്യങ്ങളിൽ കാണുന്നതുപോലെ ഇത്തരത്തിൽ ഒരു സാധനം വിഴുങ്ങിയാൽ അത് ആമാശയത്തിലാണെത്തുക. വിഴുങ്ങുന്ന വസ്തു ഹൃദയത്തിലേക്ക് കടന്ന് ബ്ലോക്ക് മാറ്റാനുളള ഒരു സാധ്യതയുമില്ല.
വീഡിയോയിൽ 'ഇൻ ദി നൗ' എന്നൊരു വാട്ടർമാർക്ക് കാണാം. തുടർന്നുള്ള അന്വേഷണത്തിൽ, 'ഇൻ ദി നൗ' (In The Now) എന്ന അമേരിക്കൻ ഓൺലൈൻ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ 2017 ഒക്‌റ്റോബർ എട്ടിന് പ്രസിദ്ധീകരിച്ച വീഡിയോ ആണിതെന്ന് കണ്ടെത്തി.
അന്നനാള കാൻസർ നിർണ്ണയത്തിനുള്ള പരിശോധനാ രീതിയെ കുറിച്ചാണ് ഈ വീഡിയോ. സൈറ്റോസ്‌പോഞ്ച് (Cytosponge) എന്നാണ് ഈ ടെസ്റ്റിന്റെ പേര്. ദൃശ്യങ്ങളിൽ എഴുതിക്കാണിക്കുന്നതും സംസാരിക്കുന്ന ആളുകൾ പറയുന്നതും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. രോഗം നിർണ്ണയിക്കുന്ന രീതിയും ടെസ്റ്റിന്റെ ഗുണങ്ങളും ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 'സ്‌പോഞ്ച് ഓൺ എ സ്ട്രിങ്ങ്' എന്നും ഇതിന് പേരുണ്ട്.
സന്ദേശത്തിൽ പറയുന്നതുപോലെ, ബ്ലോക്കുകൾ നീക്കം ചെയ്യുന്ന ചികിത്സാരീതിയല്ല ആൻജിയോഗ്രഫി. ഞരമ്പുകളിലെ ബ്ലോക്ക് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു തരം എക്‌സ്‌റേ ടെസ്റ്റാണിത്. കൈയിലോ കാലിലോ ഉള്ള ഒരു രക്തക്കുഴൽ വഴി ട്യൂബ് (കത്തീറ്റർ) കടത്തി, ഹൃദയത്തിലെ രക്തക്കുഴലിലെത്തിച്ച് ഒരു മരുന്ന് (ഡൈ) കുത്തിവയ്ക്കുന്നു. എക്‌സറേ സഹായത്തോടെ ഇതുവഴി ഹൃദയത്തിന്റെ ഏതെങ്കിലും രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടോ എന്നും അതെത്രത്തോളം തടസ്സമുണ്ടാക്കുന്നുണ്ടെന്നും കണ്ടുപിടിക്കാം. ഈ ടെസ്റ്റിന്റെ റിസൾട്ടാണ് ആൻജിയോഗ്രാം. ഇത്തരത്തിൽ കണ്ടുപിടിച്ച ബ്ലോക്കുകളെ നീക്കം ചെയ്യുന്നത് ആൻജിയോപ്ലാസ്റ്റി എന്ന സർജറി വഴിയാണ്. വളരെ ചെലവേറിയതാണ് ഈ ചികിത്സ.
പ്രചരിക്കുന്ന വീഡിയോയ്ക്ക് ഹൃദയാഘാതമോ ബ്ലോക്കുകൾ കണ്ടുപിടിക്കുന്നതുമായോ ബന്ധമില്ല. അന്നനാള കാൻസർ നിർണ്ണയത്തിനുള്ള സൈറ്റോസ്‌പോഞ്ച് എന്ന പരിശോധനാരീതിയെ കുറിച്ചാണ് ഈ വീഡിയോ. വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്.