ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബാളിലെ നിര്‍ണായക പോരാട്ടത്തിൽ ഒഡിഷയെ വീഴ്ത്തി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. ഇതോടെ കേരളം സെമി ഫൈനൽ സാധ്യത സജീവമാക്കി.
16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്. മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്‌ബാളാണ് കളിച്ചത്. 15ാം മിനിറ്റില്‍ കേരളത്തിന്റെ ക്രോസിന് ഒഡിഷ താരം കൈവെച്ചതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗില്‍ബര്‍ട്ട് പന്ത് വലയിലാക്കി.
ഫൈനല്‍ റൗണ്ടിലെ ഗിൽബർട്ടിന്‍റെ മൂന്നാം ഗോളാണിത്. ഗോള്‍ മടക്കാൻ ഒഡിഷ ആക്രമിച്ചു കളിക്കുന്നതാണ് പിന്നീട് കണ്ടത്. പലപ്പോഴും കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തി. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു. രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുക്കുക.
ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള മത്സരം ജയിച്ചാൽ കേരളത്തിന് സെമിയിലെത്താനാകും. നിലവിൽ ഗ്രൂപ്പ് എയിൽ നാലു മത്സരങ്ങളിൽനിന്ന് 10 പോയന്‍റുമായി പഞ്ചാബാണ് മുന്നിലുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുള്ള കർണാടക രണ്ടാമതും. മൂന്നാമതുള്ള കേരളത്തിന് ഏഴു പോയന്‍റാണുള്ളത്