Type Here to Get Search Results !

റേഷൻ: സെർവറിന് മുന്നിൽ വട്ടംകറങ്ങി ജനങ്ങൾ



മാർച്ച് ഒന്നുമുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ഭക്ഷ്യവകുപ്പ് ശ്രമം തുടരുന്നതിനിടെ കാർഡുടമകളെ വട്ടംകറക്കി വീണ്ടും റേഷൻ സെർവർ പണിമുടക്കുന്നു.വിതരണം കാര്യക്ഷമമാക്കാൻ ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും മറ്റു ജില്ലകളിൽ ഉച്ച മുതൽ രാത്രിവരെയും സമയം ക്രമീകരിച്ചെങ്കിലും രണ്ടുദിവസമായി സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലാണ്.


ഫെബ്രുവരിയിലെ വിതരണം ചൊവ്വാഴ്ച അവസാനിക്കുമെന്നിരിക്കെ 63.51ശതമാനം പേർക്ക് മാത്രമാണ് റേഷൻ ലഭിച്ചത്. സാധാരണ ഗതിയിൽ 86 ശതമാനം വിതരണം നടക്കേണ്ട സ്ഥാനത്താണിത്.സെർവറിന്‍റെ മെല്ലെപ്പോക്കിനെ തുടർന്ന് ഒരു ബിൽ അടിക്കാൻ 10 മിനിറ്റോളമാണ് ചെലവാകുന്നത്. ഇതുമൂലം ശനിയാഴ്ച സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.


ഉച്ചക്ക് ഒന്നിന് അടക്കേണ്ട തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ പലതും ജനത്തിരക്ക് മൂലം മൂന്നോടെയാണ് അടച്ചത്.ഏഴിന് അടക്കേണ്ട കൊല്ലം, പത്തനംതിട്ട ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാകട്ടെ രാത്രി 9.30നും കടകൾ തുറന്ന് പ്രവർത്തിച്ചാണ് ക്യൂ നിന്നവർക്ക് സാധനങ്ങൾ നൽകിയത്.


ശനിയാഴ്ച 14,159 റേഷൻ കടകളിലായി 7,67,555 ഇടപാടുകളാണ് നടന്നത്.  രാത്രി 9.30നും 1935 കടകൾ സെർവർ തകരാർ മൂലം തുറന്ന് പ്രവർത്തിച്ചു.നിരവധി പേരാണ് സാധനങ്ങൾ കൈപ്പറ്റാതെ മടങ്ങിപ്പോയതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad