lഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് റൗണ്ടിലെ അവസാന കളി ഇന്ന്. പ്ലേഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയെ നേരിടും. ഹൈദരാബാദ് (39) രണ്ടാം സ്ഥാനവുമായി നേരത്തേ സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്.
നിലവിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തിലൂടെ മൂന്നോ നാലോ സ്ഥാനത്ത് എത്താനായിരിക്കും ശ്രമിക്കുക. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിക്കുമൊപ്പം 34 പോയന്റാവും. എന്നാൽ, നിലവിൽ ഗോൾ ശരാശരിയിൽ കേരള സംഘം ഇരു ടീമുകൾക്കും പിന്നിലാണ്. എ.ടി.കെയുടെ ഗോൾ ശരാശരി +7ഉം ബംഗളൂരുവിന്റേത് +4ഉം ആണ്. ബ്ലാസ്റ്റേഴ്സിന്റേതാവട്ടെ +1ഉം. മൂന്നോ നാലോ സ്ഥാനം നേടിയാൽ സ്വന്തം മൈതാനത്ത് പ്ലേഓഫ് കളിക്കാം എന്ന ആനുകൂല്യമുണ്ട്. മൂന്നും ആറും സ്ഥാനക്കാർ തമ്മിലും നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുമാണ് ഏക പാദ പ്ലേഓഫ് മത്സരങ്ങൾ.