Type Here to Get Search Results !

ഇന്ത്യ ഹിന്ദു രാഷ്ട്രം, ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; 'അഖണ്ഡ ഭാരതം' യാഥാർഥ്യമാകും, പാകിസ്താൻ ഇന്ത്യയിൽ ലയിക്കും-യോഗി ആദിത്യനാഥ്



 ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്‍റെയും സാംസ്കാരിക പൗരത്വമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ്. വരുംകാലത്ത് അഖണ്ഡഭാരതം യാഥാർഥ്യമാകുമെന്നും എ.ബി.പി ന്യൂസ് ചാനലിൽ നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.


ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്‌ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോള്‍, ഹിന്ദുവിനെ മനസിലാക്കുന്നതില്‍ നമ്മള്‍ തെറ്റ് വരുത്തുകയാണ്’ യോഗി പറഞ്ഞു.


ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്താന്റെ താല്‍പര്യമായിരിക്കും. ആത്മീയലോകത്ത് പാകിസ്താന്‍ എന്ന ഒന്നില്ല. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനില്‍ക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യം. എത്രയും വേഗം ഇന്ത്യയില്‍ ലയിക്കുകയെന്നത് അവരുടെ താല്‍പര്യമായിരിക്കുമെന്നും യോഗി പറഞ്ഞു.


സംഘ്പരിവാറിന്റെ എല്ലാക്കാലത്തെയും ആശയമാണ് പുരാണത്തിലെ അഖണ്ഡഭാരത സങ്കല്‍പം. നേരത്തെ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അഖണ്ഡ ഭാരതത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ പ്രദേശങ്ങള്‍ ഇപ്പോള്‍ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ല. ഭാരതവുമായി വീണ്ടും ഒന്നിക്കേണ്ടതിന്റെ ആവശ്യകത അവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാണ്ഡഹാര്‍ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ എന്തെങ്കിലും സമാധാനം ഉണ്ടോ. പാകിസ്ഥാന്‍ രൂപീകരിച്ച തീയതി മുതല്‍ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഖണ്ഡഭാരതം വരണമെന്നായിരുന്നു ഭാഗവത് മുമ്പ് പറഞ്ഞതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad