കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കേബിളുകള്‍ കാരണം അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. രണ്ട് മാസത്തിനകം എല്ലാ റോഡുകളിലും പരിശോധന നടത്തി കേബിളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.മുഴുവന്‍ റോഡുകളിലെയും കേബിളുകള്‍ അപകടരഹിതമായി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കും. സ്ലാബില്ലാത്ത ഓടകള്‍ മൂലം അപകടമുണ്ടായാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
അലക്ഷ്യമായും അനുമതിയില്ലാതെയും കേബിളുകള്‍ വലിച്ചിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണം. കെഎസ്ഇബി തൂണുകളിലൂടെ വലിച്ച കേബിളുകള്‍ കുരുങ്ങി അപകടമുണ്ടായാല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബിഎസ്എന്‍എല്‍ കേബിളുകളാണ് അപകടത്തിന് കാരണമെങ്കില്‍ സബ് ഡിവിഷണല്‍ എന്‍ജിനീയറോ ക്ലസ്റ്ററിന്റെ ചുമതലയുള്ള ജൂനിയര്‍ ടെലികോം ഓഫീസറോ നടപടി നേരിടേണ്ടി വരും.ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ണ്ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് റോഡുകളിലൂടെ കേബിള്‍ വലിക്കേണ്ടത്. റോഡില്‍ നിന്നുള്ള ഉയരവും വലിക്കേണ്ട രീതിയുമെല്ലാം ഇതനുസരിച്ചാണെന്ന് അധികൃതര്‍ ഉറപ്പാക്കണം. ഫുട്പാത്തുകളില്‍ ഇളകി കിടക്കുന്ന സ്ലാബുകള്‍ അടിയന്തരമായി അപകടരഹിതമായി പുനഃക്രമീകരിക്കണം. ജല അതോറിറ്റി കുഴിക്കുന്ന റോഡുകള്‍ കൃത്യമായി പൂര്‍വ സ്ഥിതിയിലാക്കണം. റോഡില്‍ പൈപ്പിടല്‍ നടക്കുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യങ്ങളില്‍ വീഴ്ച പറ്റിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.