▪️തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ആധാരങ്ങളുടെ രജിസ്ട്രേഷന് കുത്തനെ കൂടി. ഏപ്രിൽ ഒന്നിന് ന്യായവില കൂടുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും വർധിക്കുമെന്നത് മുന്നിൽകണ്ടാണിത്. രജിസ്ട്രേഷൻ കൂടിയതോടെ വകുപ്പിന്റെ സെര്‍വർ ഇഴയുകയാണ്. സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ കുറവും, സെര്‍വര്‍ തകരാറും കൂടിയായതോടെ രജിസ്ട്രേഷൻ പ്രക്രിയ പലയിടത്തും അവതാളത്തിലായി. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ ഇ-സ്റ്റാമ്പ്, രജിസ്ട്രേഷന് ഫീസ് എന്നിവ അടയ്ക്കാനോ എഴുതിയ ആധാരം ഓണ്‍ലൈൻ ചെയ്യുന്നതിനോപോലും പറ്റാത്ത സ്ഥിതിയാണ്. ഏറെ ബുദ്ധിമുട്ടി ഭൂമി കൈമാറ്റത്തിനുള്ള ഫീസടച്ച ശേഷം ആധാരം രജിസ്റ്റര്‍ചെയ്യാന്‍ സബ് രജിസ്ട്രാർ ഓഫിസിലെത്തുമ്പോള്‍ ‘സൈറ്റ് ഇല്ല’ എന്ന മറുപടിയാണ് ലഭിക്കുന്നത്.
ഭൂമി കൈമാറ്റം, ഇ-ഗഹാന് എന്നിവയുടെ രജിസ്ട്രേഷന്, ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, പ്രത്യേക വിവാഹ രജിസ്ട്രേഷന് ഉള്‍പ്പെടെ സകല സേവനങ്ങളും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. പണം കൈമാറിയശേഷം ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരും, വാർധക്യത്തില്‍ അനന്തരാവകാശികള്‍ക്ക് സ്വത്ത് കൈമാറ്റം ചെയ്യാൻ വരുന്നവരും മണിക്കൂറുകള്‍ കാത്തുനിന്നും പല ദിവസങ്ങള്‍ കയറിയിറങ്ങിയും ബുദ്ധിമുട്ടുന്നു. രാവിലെ 10ന് തന്നെ ആധാരം രജിസ്ട്രേഷനായി ടോക്കണ്‍ എടുത്ത് ഓഫിസിലെത്തിയാല്‍ വൈകീട്ട് പോലും രജിസ്ട്രേഷന് നടത്താനാകാത്ത സ്ഥിതിയാണ്.
ഇതിനൊപ്പമാണ്, ആധാരം പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി നല്കുന്ന സംവിധാനത്തിന്റെ പരാജയം. ഇതിനായി സംസ്ഥാനത്തെ നൂറിലേറെ സബ് രജിസ്ട്രാർ ഓഫിസുകളില്‍ സംവിധാനമൊരുക്കി ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ വൈകുന്നതിൽ മേലധികാരികളോട് പരാതിപ്പെട്ടാലും ഫലമില്ലെന്നാണ് ആധാരമെഴുത്ത് തൊഴിലാളി നേതാക്കള്‍ പറയുന്നത്