ഫുട്ബോളിൽ നേടാനാകുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹാ മെസി. മാഴ്‌സയ്‌ക്കെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിൽ എത്തുകയാണ് മെസി. ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി.
മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. രണ്ട് ഗോള്‍ എംബാപ്പെ നേടിയപ്പോൾ മത്സരത്തിന്റെ 29-ാം മിനിട്ടില്‍ മെസിയുടെ ഗോള്‍ പിറന്നു. മത്സരത്തിൽ ഗോൾ നേടുക മാത്രമല്ല, ഗോൾ അവസരമൊരുക്കുകയും ചെയ്തു മെസി. ക്ലബ് ഗോൾ നേട്ടത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിയ്ക്ക് മുന്നിലുള്ളത്.
അൽ നാസറിൽ ഇതിനോടകം രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കി ഫോമിലാണ് ക്രിസ്റ്റ്യാനോ. തന്റെ ക്ലബ് കരിയറിൽ രണ്ട് ടീമുകൾക്ക് വേണ്ടിയാണ് മെസി ഗോളടിച്ച് കൂട്ടിയിട്ടുള്ളത്. ബാഴ്സലോണക്കായി 672 ഗോളുകളും പിഎസ്ജിക്ക് വേണ്ടി 28 ഗോളുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.
ക്ലബ്ബുകൾക്കായി മെസി 700 ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ 709 ഗോളുകൾ സ്വന്തമാക്കി. ഫുട്ബോൾ രാജാവ് പെലെ 679 ഗോളുകളും റൊമാരിയോ 675 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.