ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗലിലെ ബോബി. 1992 മെയ് 11 -ന് ജനിച്ച ഈ നായക്ക് ഇപ്പോൾ പ്രായം 30 വയസാണ്. ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല ബോബി, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നായ കൂടിയാണ് ബോബി എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്.
ഇതിനു മുൻപ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോർഡ് ഓസ്‌ട്രേലിയൻ നായ ബ്ലൂയിയുടെ (1910-1939) പേരിലായിരുന്നു. 29 വയസ്സും 5 മാസവും ആയിരുന്നു ബ്ലൂയിയുടെ പ്രായം. പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റെ നായയാണ് ബോബി. ജനിച്ചത് മുതൽ ബോബി ഇവർക്കൊപ്പം ആണ് താമസം.
12 മുതൽ 14 വർഷം വരെ ശരാശരി ആയുർദൈർഘ്യമുള്ള റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായയാണിത്. നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് ബോബി ഇപ്പോൾ തകർത്തിരിക്കുന്നത്. പോർച്ചുഗീസ് ഗവൺമെന്‍റും വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസായ എസ്ഐഎസിയും ബോബിയുടെ പ്രായം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
Also read- റൊട്ടി ഉണ്ടാക്കാൻ പഠിക്കുന്ന ഒരു ശതകോടീശ്വരൻ; ബില്‍ഗേറ്റ്‌സിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ലിയോണൽ കോസ്റ്റ എന്ന 38 -കാരനാണ് ഇപ്പോൾ ബോബിയുടെ ഉടമസ്ഥൻ. കഴിഞ്ഞ 30 വർഷമായി അവരുടെ വിശ്വസ്തനായ നായയാണ് ബോബി. ഇപ്പോൾ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ ബോബിയെ അലട്ടി തുടങ്ങി എന്നാണ് കോസ്റ്റ കുടുംബാംഗങ്ങൾ പറയുന്നത്. കണ്ണുകൾക്ക് കാഴ്ചശക്തി കുറഞ്ഞതായും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയതായും ലിയോണൽ പറയുന്നു. ഇപ്പോൾ കൂടുതൽ സമയം ബോബി വിശ്രമത്തിനായാണ് മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.