രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ൽ വിൽപന സ്ഥാപനമായ റിലെയൻസിനെ മുട്ടുകുത്തിച്ചാണ് ഈ മലയാളി ശ്രദ്ധേയനാകുന്നത്. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിനെതിരെയായിരുന്നു വിനോജ് പോരാടിയതും വിജയം
വരിച്ചതും. ഒരു രൂപയ്ക്കു പോലും വിലയുള്ള ഇക്കാലത്ത് മൂന്നു രൂപ അധികം വാങ്ങിയ സ്ഥാപനത്തെ ഉപഭോക്തൃ പരിഹാര കോടതിയിലെത്തി ചോദ്യം ചെയ്താണ് വിനോജ് വിജയം നേടിയെടുത്തത്.
റിലയൻസും വിനോജും തമ്മിലുള്ള കേസ് ഒന്നര വർഷത്തോളമാണ് കോടതിയിൽ നീണ്ടു നിന്നത്. കോടതിയിൽ സ്വയം കേസ് വാദിച്ചാണ് വിനോജ് ആൻ്റണി വിജയിച്ചതെന്നുള്ളതാണ് അദ്ദേഹത്തെ വീണ്ടും ശ്രദ്ധേയനാക്കുന്നത്. തനിക്ക് നേരിട്ട മൂന്നു രൂപയുടെ നഷ്ടത്തിന് റിലയൻസിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കുകയായിരുന്നു കോടതി. ഈ തുക വിനോജിന് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.
ചങ്ങനാശ്ശേരി മാമ്മൂടുകാരൻ വിനോജ് ആന്റണിയും റിലയൻസ് സ്മാർട്ട് കമ്പനിയും തമ്മിലുള്ള നിയമ പോരാട്ടം തുടങ്ങിയത് 2021 സെപ്റ്റംബർ ഏഴിനാണ്. പാറേപ്പള്ളിക്കടുത്തുള്ള റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറിൽ 235 രൂപയാണ് വെളിച്ചെണ്ണയുടെ എംആർപി വില രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിനോജിൽ നിന്ന് സൂപ്പർമാർക്കറ്റ് ഈടാക്കിയത് 238 രൂപയായിരുന്നു. മൂന്നു രൂപ അധികം. ഇത് ചോദ്യം ചെയ്തപ്പോൾ വേണ്ടെങ്കിൽ വച്ചിട്ട് പോകാനായിരുന്നു ജീവനക്കാർ പറഞ്ഞത്. ചോദ്യം ചെയ്യേണ്ടത് ഉപഭോക്താവിൻ്റെ അവകാശമാണെന്ന് പറഞ്ഞപ്പോൾ ജീവനക്കാർ പിടിച്ചു തള്ളുകയും ചെയ്തു. കടയിൽ നിന്ന് വിനോജിനോട് ഇറങ്ങിപ്പേകാൻ ജീവനക്കാർ ആക്രോശിക്കുകയായിരുന്നു.
ധനനഷ്ടവും മാനഹാനിയും നേരിട്ട വിനോജ് തുടർന്ന് റിലയൻസ് സ്മാർട്ടിൻ്റെ കസ്റ്റമർ കെയറിൽ പരാതി പറഞ്ഞു. എന്നാൽ പ്രതീക്ഷിച്ചതിന് വിരുദ്ധമായി അവരുംശരിയായ രീതിയിലല്ല പ്രതികരിച്ചത്. തുടന്നാണ് കോട്ടയത്തെ ഉപഭോക്തൃ കോടതിയിൽ വിനോജ് കേസ് കൊടുത്തത്. മൂന്നു രൂപ അധിക വില ഈടാക്കിയതിനെതിരെ ഒന്നര വർഷത്തോളം കോടതിയിൽ ഇയാൾ കേസ് പറഞ്ഞു. കേസ് വിനോജ് സ്വയമാണ് വാദിച്ചത്. ഒടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി എത്തുകയും ചെയ്തു.
ഉപഭോക്താവിൽ നിന്ന് മൂന്ന് രൂപ അധികം ഈടാക്കുകയും അത് ചോദ്യം ചെയ്തതിൻ്റെ പേരിൽ ഉപഭോക്താവിനോട് മോശമായി പെരുമാറുകയും ചെയ്ത സംഭവതത്തിൽ വിനോജിന് റിലയൻസ് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക ഭീമനായ റലിലയൻസ് ഒടുവിൽ സാധാരണക്കാരനായ വ്യക്തിക്കു മുന്നിൽ മുട്ടുകുത്തുന്ന കാഴ്ചകൾക്കാണ് കേരളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചിരിക്കുന്നത്.