Type Here to Get Search Results !

പിരിച്ചെടുക്കാനുള്ള നികുതി 21,800 കോടി;സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനമെന്ന് സി.എ.ജി റിപ്പോർട്ട്



 തിരുവനന്തപുരം: ധനപ്രതിസന്ധി മറികടക്കാന്‍ ബജറ്റിലെ നികുതി വർധന വൻ വിവാദമായിരിക്കെ റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് കംട്രോളർ-ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ വിമർശനം. 2021 മാർച്ച് വരെ സർക്കാർ പിരിച്ചെടുക്കാൻ ബാക്കിയുള്ള കുടിശ്ശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനം വരും. ഇതിൽ 7100.32 കോടി അഞ്ച് വർഷത്തിലേറെയായി പിരിക്കാൻ ബാക്കിയുള്ളതാണ്. ഇക്കുറി ബജറ്റിൽ 4000 കോടിയോളം രൂപയുടെ നികുതി ബാധ്യതയാണ് അടിച്ചേൽപ്പിച്ചത്. ഇന്ധന സെസ് അടക്കം കുറക്കണമെന്ന് ആവശ്യം ശക്തമായിട്ടും സർക്കാർ വഴങ്ങിയിട്ടില്ല.


ആകെ കുടിശ്ശികയിൽ 6422.49 കോടി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സർക്കാർ പിരിച്ചെടുക്കാനുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വകുപ്പുകൾ കൃത്യമായ കുടിശ്ശിക വിവരങ്ങൾ നൽകുന്നില്ല. കുടിശ്ശിക പിരിക്കേണ്ട വകുപ്പുകൾ അതിന് ശ്രമിക്കുന്നില്ല. കുടിശ്ശിക നിരീക്ഷിക്കാനും പിരിച്ചെടുക്കാനും ഫലപ്രദ സംവിധാനം വേണമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.


12 വകുപ്പുകളിലായി അഞ്ച് വർഷത്തിലേറെയായുള്ള 7100.32 കോടി കുടിശ്ശികയുണ്ട്. എക്സൈസ് വകുപ്പിന്‍റെ 1952 മുതലുള്ള കുടിശ്ശിക ഇനിയും ബാക്കിയാണ്. എഴുതിത്തള്ളാനായി സർക്കാറിലേക്ക് അയച്ച 1905.89 കോടിയിൽ ബന്ധപ്പെട്ട വകുപ്പുകൾ തുടർനടപടി എടുത്തില്ല. വിൽപന നികുതി കുടിശ്ശികയായ 13830.43 കോടിയിൽ 12924.31 കോടിയും വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽനിന്നുള്ളതാണ്. ഇതിൽ 6878.65 കോടി റവന്യൂ റിക്കവറി നടപടിക്ക് കീഴിലും 5577.10 കോടി സ്റ്റേയിലുമാണ്. എക്സൈസ് കുടിശ്ശിക വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവ നൽകാനുള്ളതാണ്.


കുടിശ്ശിക കിട്ടാത്തതിന് പ്രധാന കാരണം സ്റ്റേ നൽകുന്നതാണ്. മൊത്തം 6143.28 കോടി (32.79 ശതമാനം) രൂപയാണ് സ്റ്റേയിലുള്ളത്. സ്റ്റേ സർക്കാറിന്‍റേതും (163.93 കോടി) കോടതികളുടേതും (5979.35 കോടി) ഉണ്ട്. വിൽപന നികുതിയിൽ 5577.10 കോടിക്കാണ് സ്റ്റേ. സ്റ്റേ ഒഴിവാക്കാനും തുക ഈടാക്കാനും നടപടിയെടുക്കണമെന്ന് സി.എ.ജി റിപ്പോർട്ട് ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത് വിദേശ മദ്യ ലൈസൻസുകൾ എക്സൈസ് അനധികൃതമായി കൈമാറാൻ അനുവദിച്ചത് വഴി 26 ലക്ഷം രൂപയുടെ വരുമാന നഷ്ടം വന്നു. പുതിയ ലൈസൻസ് പ്രായോഗികമല്ലെന്ന സർക്കാർ മറുപടി സി.എ.ജി തള്ളി.


രജിസ്ട്രേഷൻ വകുപ്പിൽ 146 കേസുകളിൽ 11.07 കോടിയുടെ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയില്ല. കേന്ദ്ര-പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങൾ സ്വീകരിക്കാതിരുന്നതിനാൽ ഫ്ലാറ്റുകളിൽനിന്ന് ലഭിക്കേണ്ട 1.51 കോടി സ്റ്റാമ്പ് തീരുവയും രജിസ്ട്രേഷൻ ഫീസും നഷ്ടമായി. തീരുവ അടച്ച രേഖകൾക്കൊപ്പം സ്റ്റോക്കിലെ ചരക്കുകളുടെ ട്രാൻസിഷണൽ െക്രഡിറ്റ് ക്രമരഹിതമായി അനുവദിച്ചത് മൂലം 6.5 കോടി നഷ്ടമായി. റീഫണ്ട് െക്ലയിം അനുവദിക്കുന്നതിൽ 628 ദിവസം വരെ കാലതാമസമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad