Type Here to Get Search Results !

റെയില്‍ പാളങ്ങളില്‍ മരണങ്ങള്‍ വര്‍ധിക്കുന്നു; 2022ല്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 321 മരണങ്ങള്‍*


കോഴിക്കോട്| സംസ്ഥാനത്ത് റെയില്‍ പാളങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

2022ല്‍ പാലക്കാട് ഡിവിഷന്‍ പരിധിയില്‍ മാത്രം 450 അപകടങ്ങളാണുണ്ടായത്. ഇതില്‍ 321 പേര്‍ മരിച്ചു. 139 പേര്‍ക്ക് പരിക്കേറ്റു. 2021ല്‍ 261 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 207 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. ആത്മഹത്യകളും ഇതില്‍ ഉള്‍പ്പെടുമെങ്കിലും അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. പാലക്കാട് മുതല്‍ മംഗളൂരു വരെയാണ് പാലക്കാട് ഡിവിഷന്‍റെ പരിധി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ റെയില്‍പാളങ്ങളില്‍ മരണങ്ങള്‍ കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയില്‍ ട്രെയിനിടിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു.

സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയാല്‍ പാളങ്ങള്‍ മുറിച്ചുകടക്കുമ്ബോള്‍ എതിരെവരുന്ന ട്രെയിനിടിക്കുന്നതും പതിവാണ്. ഓടുന്ന ട്രെയിനില്‍നിന്ന് ഇറങ്ങുന്നതും ചാടിക്കയറുന്നതും പാളത്തിലിരുന്ന് മദ്യപിക്കുന്നതും സെല്‍ഫിയെടുക്കലും എല്ലാം അപകടം വിളിച്ചുവരുത്തുന്നവയാണ്.

ഓടുന്ന ട്രെയിനില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെയോ പാളം മുറിച്ചുകടക്കുമ്ബോഴോ ഉണ്ടാകുന്ന അപകടങ്ങളില്‍പെട്ടാണ് കൂടുതല്‍ പേരും മരിക്കുന്നത്. വാഷ്ബേസിനടുത്ത് പിടിക്കാതെ നില്‍ക്കുമ്ബോള്‍ ട്രെയിനിനുണ്ടാകുന്ന ചെറിയ ഇളക്കം പോലും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നതിന് കാരണമാകാറുണ്ട്. മുമ്ബ് ട്രെയിന്‍ എന്‍ജിനുകള്‍ക്ക് വലിയ ശബ്ദമുണ്ടായിരുന്നതിനാല്‍ ശബ്ദം കേട്ട് ആളുകള്‍ പാളത്തില്‍ നിന്ന് ഓടിമറയുമായിരുന്നു. ഇപ്പോള്‍ ഇലക്‌ട്രിക് എന്‍ജിനുകള്‍ക്ക് ശബ്ദം കുറവാണ്.

പാളത്തില്‍ അതിക്രമിച്ച്‌ കടക്കുന്നത് ആറുമാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും മാനുഷിക പരിഗണനയുടെ പേരില്‍ റെയില്‍വേ ഇതിനുനേരെ കണ്ണടക്കുകയാണ് പതിവ്. പാളത്തില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 2022ല്‍ 2261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.


പിഴ ഇങ്ങനെ 


വാതിലിലെ പടികളില്‍ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് പിടികൂടിയാല്‍ ആറുമാസംവരെ തടവും 500 മുതല്‍ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. മേല്‍പാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ പാളം മുറിച്ചുകടന്നാലും ശിക്ഷ ഇതുതന്നെ. പാളത്തിലിരുന്ന് മദ്യപിച്ചാല്‍ 2000 വരെയാണ് പിഴ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad