Type Here to Get Search Results !

തുര്‍ക്കി-സിറിയ ഭൂകമ്പത്തിൽ മരണം 19,000 പിന്നിട്ടു; നൂറ്റാണ്ടിന്റെ ദുരന്തമെന്ന് ഉർദുഗാൻ



അങ്കാറ: തുർക്കിയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തിൽ മരണം 19,000 പിന്നിട്ടു. തുർക്കിയിൽ മാത്രം 16,546 പേരാണ് കൊല്ലപ്പെട്ടത്. സിറിയയിൽ 3,317 പേരും. നൂറ്റാണ്ടിന്റെ ദുരന്തമാണിതെന്നാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഭൂകമ്പത്തെ വിശേഷിപ്പിച്ചത്.


തുർക്കിയിലെ 10 പ്രവിശ്യകളിലാണ് ഭൂകമ്പം നാശംവിതച്ചതെന്ന് ഉർദുഗാൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. നൂറ്റാണ്ടിന്റെ ദുരന്തമാണിതെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.


ഹ്യുമാനിറ്റേറിയൻ ആൻഡ് എമർജൻസി കോർഡിനേറ്റർ അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്സിന്റെ നേതൃത്വത്തിലുള്ള യു.എൻ സഹായസംഘം ഭൂകമ്പത്തിന്റെ ഉത്ഭവകേന്ദ്രമായ തുർക്കിയിലെ ഗാസിയാൻതെപും സിറിയയിലെ അലെപ്പോയും സന്ദർശിച്ചു. ദുരന്തബാധിത മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായാണ് സംഘം എത്തിയത്. യു.എന്നിന്റെ ദുരന്തനിവാരണ, ദുരിതാശ്വാസ സംഘങ്ങളും ഇവർക്കൊപ്പമുണ്ട്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് ദക്ഷിണ തുർക്കി, വടക്കൻ സിറിയ മേഖലയിൽ വൻ ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തമെത്തിയത്.


തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻതെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. നിരവധി തവണ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. സിറിയയിൽ വിമതനിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ വൻ ദുരന്തമാണുണ്ടായിരിക്കുന്നത്.


സൈപ്രസ്, ലബനാൻ, ഇറാഖ്, ഈജിപ്ത് അടക്കമുള്ള അയൽരാജ്യങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനുമുൻപ് 1999ലാണ് തുർക്കിയിൽ ഏറ്റവും വലിയ ഭൂചലനമുണ്ടായത്. അന്ന് 17,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad