ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത മാര്‍ച്ച് 11ന് ഔദ്യോഗികമായി തുറന്നുകൊടുക്കും. മദ്ദൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.
ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപാസുകള്‍ എന്നിവയുള്ള മൈസൂരു-ബംഗളൂരു പാത പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ നിലവില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
117 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലൂടെ ബംഗളൂരു മുതല്‍ മൈസൂരു വരെ യാത്ര ചെയ്യാന്‍ പരമാവധി ഒന്നര മണിക്കൂര്‍ മാത്രമേ വേണ്ടിവരുകയുള്ളൂവെന്നാണ് ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) വ്യക്തമാക്കുന്നത്. നിലവില്‍ റോഡ് മാര്‍ഗം 3-4 മണിക്കൂര്‍ വരെ സമയം വേണ്ടിവരുന്നുണ്ട്. ആദ്യഘട്ടത്തില്‍പെട്ട മാണ്ഡ്യ നിദ്ദഘട്ട മുതല്‍ ബംഗളൂരു കെങ്കേരി വരെയുള്ള 56 കിലോമീറ്റര്‍ ദൂരത്തെ പണി 90 ശതമാനവും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ നിദ്ദഘട്ട മുതല്‍ മൈസൂരു റിങ് റോഡ് ജങ്ഷന്‍ വരെയുള്ള 61 കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിലൂടെയുള്ള ടോള്‍നിരക്ക് ഒരുവശത്തേക്ക് 250 രൂപയായിരിക്കുമെന്ന് മൈസൂരു എം.പി പ്രതാപസിംഹ അടുത്തിടെ പറഞ്ഞിരുന്നു. ടോള്‍നിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ല. മേല്‍പാലങ്ങള്‍, അടിപ്പാതകള്‍, പാലങ്ങള്‍, വാഹനങ്ങളുടെ എണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ടോള്‍നിരക്ക് കണക്കാക്കുക.
ബംഗളൂരു-നിദ്ദഘട്ട ഭാഗത്താണ് ആദ്യം ടോള്‍ ഈടാക്കുകയെന്നും നിദ്ദഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തുകയെന്നും നേരത്തേ എം.പി അറിയിച്ചിരുന്നു.
മാര്‍ച്ച് 11ന് എത്തുന്ന മോദി ധാര്‍വാഡിലെ പുതിയ ഐ.ഐ.ടി കാമ്ബസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് ശേഷമാണ് മദ്ദൂരിലെത്തി അതിവേഗപാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ശേഷം രാമനഗരയിലെ മെഡിക്കല്‍ യൂനിവേഴ്സിറ്റി ആന്‍ഡ് ഹെല്‍ത്ത് സിറ്റി കാമ്ബസിന്റെ തറക്കല്ലിടല്‍ നടത്തും. മദ്ദൂരില്‍ ബി.ജെ.പി നടത്തുന്ന മെഗാ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും