ടെക്നോളജി: ഉപയോക്താക്കൾക്ക് പുത്തൻ ഫീച്ചറുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ വാട്ട്‌സ്ആപ്പ് എന്നും ഒരുപടി മുന്നിലാണ്. ഇത്തവണ ഫോട്ടോ ഷെയറിംഗുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകളാണ് വാട്ടസ്ആപ്പ് അവതരിപ്പിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ഫോട്ടോ ക്വാളിറ്റി ഫീച്ചറാണ്. പിന്നെ ഒരേസമയം 100 ഫോട്ടോകൾ വരെ അയക്കാനുള്ള സൗകര്യവും നിലവിൽ വരുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ ഫീച്ചർ നിലവിൽ വരുന്നതൊടെ ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഒറിജിനൽ ക്വാളിറ്റിയിലോ കംപ്രസ് ചെയ്ത ഫോർമാറ്റിലോ ചിത്രങ്ങൾ അയക്കാൻ സാധിക്കും. വാട്ടസ്ആപ്പിന്റെ സെറ്റിംഗ്‌സിൽ മാറ്റം വരുത്തി പുതിയ ഫീച്ചർ ഉപയോഗിക്കാം. വരുന്ന ആഴ്ചയൊടെ എല്ലാം ഉപയോക്താക്കൾക്കും പുത്തൻ ഫീച്ചർ ലഭ്യമാകുമെന്നാണ് വിവരം. വാട്ട്‌സ്ആപ്പിലൂടെ ഒറിജിനൽ ഫയൽ പങ്ക് വെക്കുമ്പോൾ പോലും ഫോട്ടോയുടെ ക്വാളിറ്റി നഷ്ടപ്പെടുന്നത് വലിയ പ്രശ്‌നമായിരുന്നു. പുതിയ ഫീച്ചറിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതൊടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
വാട്ടസ്ആപ്പ് ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം ക്യാപ്ഷനുകൾ കൂടി ചേർക്കാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. ബൾക്കായി ഫോട്ടോ ഷെയറിംഗും വാട്ട്‌സ്ആപ്പ് മുന്നോട്ട് വെക്കുന്നുണ്ട്. നിലവിൽ 30 ഫോട്ടോകൾ മാത്രമേ ഒന്നിച്ച് അയക്കാൻ സാധിക്കുകയുള്ളൂ. ഇനി അത് 100 വരെ ഉയരും എന്നാണ് അറിയുന്നത്.
സൂമിലും ഗൂഗിൾ മീറ്റിലും ലഭ്യമാകുന്ന പല സൗകര്യങ്ങളും തങ്ങളുടെ ഉപയോക്താക്കൾക്ക് കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് വാട്ട്‌സ്ആപ്പ്. കോളുകൾ മുൻപ് തന്നെ ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ 32 പേർക്ക് ഒരേ സമയം കോളിൽ പങ്കെടുക്കാം. ഷെഡ്യൂൾ ഓപ്ഷൻ കൂടി നിലവിൽ വരുന്നതൊടെ ഒഫീഷ്യൽ മീറ്റിങ്ങുകൾക്കടക്കം വാട്ടസ്ആപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കും.