അലനല്ലൂർ: റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിൽ മുക്കാൽ ഭാഗവും പച്ചരിയായതോടെ ജനം ദുരിതത്തിലായി. ജില്ലയിലെ സാധാരണക്കാരിലേറെയും റേഷൻ കടകളിൽ നിന്നുള്ള പുഴുക്കലരിയെ മാത്രം ആശ്രയിക്കുന്നവരാണ്. റേഷൻ കടകളിൽ നിന്ന് നാമമാത്ര പുഴുക്കല്ലരി ലഭിക്കുന്നത് കാരണം ആളുകൾ റേഷൻ വ്യാപാരികളുമായി വാക്കേറ്റം നടത്തുന്നതും നിത്യസംഭവമായി.
പച്ചരി മാത്രമായതോടെ പുഴുക്കല്ലരിക്കായി ആളുകൾ പൊതു വിപണിയെ ആശ്രയിക്കാൻ തുടങ്ങി. ഇതാകട്ടെ പുഴുക്കല്ലരി വില കുതിച്ചുയരാനും കാരണമായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കുറുവ അരിക്ക് ചെറുകിട വിപണിയിൽ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ബോധനയ്ക്കാണ് വിപണിയിൽ വിലക്കുറവുള്ളത്. എന്നാൽ ഇതിന് ആവശ്യക്കാർ കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.
വിളവെടുപ്പ് സമയമായതിനാൽ നേരത്തേ വില ഉയർന്നിരുന്ന ജയ, മട്ട എന്നിവയ്ക്ക് വില അൽപം കുറഞ്ഞിട്ടുണ്ട്.
സപ്ലൈകോയിലും പുഴുക്കലരിക്ക് ആവശ്യക്കാരേറി. വെള്ള, നീല കാർഡുകാർക്കും പച്ചരിമാത്രമാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുക. ഇത് കാരണം പലരും റേഷൻ വാങ്ങാൻ മടിക്കുന്നുണ്ട്. ഈ മാസവും പച്ചരി തന്നെയാണ് വിതരണത്തിനെത്താൻ സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
വില നിലവാരം കിലോയ്ക്ക്
കുറുവ:----46-----49
ജയ:---------46------52
മട്ട:----------36------40
ബോധന--36-----39