Type Here to Get Search Results !

പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആത്മഹത്യാ കുറിപ്പെഴുതി പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി



ചിറ്റൂർ: പശ്ചിമഘട്ട മലനിരകളെ പോറ്റമ്മയായി കരുതണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പെഴുതി സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി. നല്ലേപ്പിള്ളി അഞ്ചാം മൈൽ അയ്യാവുചള്ള പരേതനായ വേലായുധന്റെ മകൻ കെ.വി.ജയപാലൻ (53) ആണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 


ശനിയാഴ്ച ഉച്ചയോടെയാണു തെങ്ങിനുള്ള കീടനാശിനി കഴിച്ചതിനെത്തുടർന്നു ബന്ധുക്കളും നാട്ടുകാരും ചേർന്നു നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജയപാലൻ ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു.


‘ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യ’ എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപകനാണു ജയപാലൻ. കുന്നങ്കാട്ടുപതി കള്ളുഷാപ്പു തൊഴിലാളിയായിരുന്നു. ഭാര്യ: ലത. മക്കൾ: പൂജ, ജയേഷ്. മരുമകൻ: എസ്.ഹരിപ്രസാദ്. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി സംസ്കരിച്ചു. 


 *പശ്ചിമഘട്ടത്തെ‍ പോറ്റമ്മയായി കണ്ട പ്രകൃതിസ്നേഹി* 


ചിറ്റൂർ: ഓരോ ശ്വാസത്തിലും പരിസ്ഥിതിയെന്ന ചിന്തയിലാണു വർഷങ്ങളായി ജയപാലന്റെ ജീവിതം കടന്നുപോയിരുന്നത്. പോറ്റമ്മയായാണു പശ്ചിമഘട്ടത്തെ അദ്ദേഹം ആദരിച്ചിരുന്നത്. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കുന്നതിനായി ഗ്രീൻ ഗാർഡ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്കു രൂപം നൽകി. മാസത്തിൽ ഒരിക്കലെങ്കിലും പശ്ചിമഘട്ട മലനിരകളിലെ വിവിധയിടങ്ങളിലെത്തി മാലിന്യങ്ങൾ നീക്കിയിരുന്നു.


നെല്ലിയാമ്പതി, ഊട്ടി, കൊടൈക്കനാൽ, വാൽപാറ തുടങ്ങിയ സ്ഥലങ്ങളിൽ പതിവു സന്ദർശകനായിരുന്നു. പശ്ചിമഘട്ട മലനിരകൾക്കു വേണ്ട പരിഗണനയും സംരക്ഷണവും നൽകുന്നില്ലെന്ന തോന്നൽ അദ്ദേഹം പങ്കുവച്ചരുന്നു.കഴിഞ്ഞ 5നു രാവിലെ വാൽപാറയ്ക്കു പോയ ജയപാലൻ അക്കാമലയിലെ പുൽമേട്ടിലിരുന്നാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. തുടർന്നു ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തി തെങ്ങിൽ പ്രയോഗിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു.


‘നമുക്ക് നിലവാരമുള്ള വായു, ശുദ്ധജലം, അതുവഴി കൃഷി, ഭക്ഷണം എന്നിവ നിറവേറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പശ്ചിമഘട്ട മലനിരയെ സംരക്ഷിക്കുകയും വേണ്ടവിധം പരിഗണിക്കുകയും വേണം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണം, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റണം’ –  ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad