സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ 10 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പി.എം- 2 എന്ന കാട്ടാന ബത്തേരി ടൗണില്‍ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ 144 പ്രഖ്യാപിച്ചത്.
വേങ്ങൂര്‍ നോര്‍ത്ത്, വേങ്ങൂര്‍ സൗത്ത്, ആര്‍മാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവെട്ടാമൂല എന്നീ ഡിവിഷനുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാര്‍ഡ് 4,6,9,10,15,23,24,32,34,35 എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആനയിറങ്ങിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അവധി.
പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയാക്രമണം. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനുനേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല. സുബൈര്‍ കുട്ടി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തി. ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ പി.എം- 2 എന്ന ആനയാണ് ടൗണിലിറങ്ങിയത്. വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് ബത്തേരി ടൗണ്‍.