Type Here to Get Search Results !

തേൻകിട്ടുമെന്ന് കരുതി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ; മുപ്പതോളം വിദ്യാർഥിനികൾക്ക് കുത്തേറ്റു



പാവറട്ടി: തേനീച്ചക്കൂട്ടിൽനിന്ന് തേൻ കിട്ടുമെന്ന് കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ. കൂട്ടത്തോടെ ഇളകിയ കടന്നലുകൾ പറന്നടുത്തത് മറ്റു വിദ്യാർഥിനികളുടെ നേരെ. ഭയന്ന് ഓടിയ വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റു. പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം.


ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന സ്കൂളിലെ മുപ്പതോളം വിദ്യാർഥിനികൾക്കാണ് കടന്നൽക്കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ ചേർന്നാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമല്ല. സ്കൂളിന് പുറകിൽ ഗ്രൗണ്ടിനോടു ചേർന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകൾ കൂടുകൂട്ടിയിരുന്നത്. ഇത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.


എന്നാൽ, ഈ കൂട് അടുത്തിടെ പ്രത്യക്ഷപ്പെട്ടതാകാമെന്നാണ് അധ്യാപകരുടെ വിശദീകരണം.

വിദ്യാർത്ഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന കടന്നൽക്കൂട് കണ്ടെത്തി. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തിയത്. ഇവിടെ നിന്ന് കടന്നലുകൾ ഇടക്കിടെ സ്കൂൾ വളപ്പിലെ മരത്തിൽ കൂട് കൂട്ടിയതാകാമെന്നാണ് നിഗമനം.


സംഭവത്തെത്തുടർന്ന് സ്കൂളിൽ അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ, പോലീസ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ പങ്കെടുത്തു. വനംവകുപ്പിന്റെ സഹായത്തോടെ കടന്നൽക്കൂട് വ്യാഴാഴ്ച തന്നെ നശിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad