Type Here to Get Search Results !

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി വ്യാപാരി



കാസർക്കോട്: കോഴിക്കട നടത്തി പൊല്ലാപ്പിലായി ഒരു കച്ചവടക്കാരന്റെ കഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാസർകോട് ആദൂരിൽ കോഴിക്കട നടത്തുകയാണ് മുൻ പ്രവാസിയായ ഹാരിസ്. നിരവധി പേരാണ് വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി വാങ്ങി പണം നൽകാതെ ഇദ്ദേഹത്തെ പറ്റിച്ചത്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ചതിന് പിന്നാലെ ഹാരിസ് കടയ്‌ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിലെ വാക്കുകളാണിത്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിന് പിന്നാലെ ഗതികേട് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് ഹാരിസ് പറയുന്നത്.


കൊറോണ മഹാമാരിയെ തുടർന്നാണ് ദുബായിൽ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്. അതിനിടയിലാണ് ഉപജീവന മാർഗമായി ഒന്നരവർഷം മുൻപ് കോഴിക്കട ആരംഭിച്ചത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കൻ വാങ്ങിയത് വലിയ തിരിച്ചടിയായി. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറഞ്ഞു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.


പലരിൽ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് പറഞ്ഞു. ആളുകളോടുള്ള വിശ്വാസം കൊണ്ടും മനസിന് അലിവ് തോന്നിയുമാണ് ഇത്തരത്തിൽ ചെയ്തതെന്ന് ഹാരിസ് വ്യക്തമാക്കി. അടുപ്പമുള്ള ചിലർ നൽകിയ ഉപദേശത്തെ തുടർന്നാണ് ഇത്തരത്തിലൊരു ബോർഡ് വെച്ചതെന്നും വ്യാപാരി പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad