Type Here to Get Search Results !

കമ്പിയില്ല, ഉദ്യോഗസ്ഥരില്ല, പക്ഷേ എല്ലാം മുകളിൽ നിന്നൊരാൾ കാണും; ഏപ്രിൽ മുതൽ ലൈസൻസ് എടുക്കൽ കടുക്കും



തിരുവനന്തപുരം: ലൈസൻസ് ടെസ്റ്റ് ഏപ്രിൽ മുതൽ പൂർണമായും കംപ്യൂട്ടർ നിയന്ത്രണത്തിലാകുന്നു. ഏപ്രിൽ ഒന്ന് മുതൽ രാജ്യവ്യാപകമായി പുതിയ സംവിധാനം നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യകേന്ദ്രം എറണാകുളം പുത്തൻകുരിശിൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. സെൻസർ, സി സി ടി വി ക്യാമറകൾ, വീഡിയോ റെക്കോർഡിംഗ് എന്നിവയെല്ലാമുള്ളതാണ് പുതിയ കേന്ദ്രം.


പ്രത്യേകമായി ഒരുക്കിയ ഗ്രൗണ്ടുകളിലാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്തുന്നത്. ലൈസൻസ് എടുക്കേണ്ട വ്യക്തി വാഹനമോടിക്കുമ്പോൾ ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് സ്കൂളുകാർ തുടങ്ങി ആരും ഉണ്ടാവില്ല. കൺട്രോൾ റൂമിൽ ഇരുന്ന് ടെസ്റ്റ് നിയന്ത്രിക്കുന്ന വ്യക്തി സിഗ്നൽ നൽകുന്നതോടെ വാഹനമോടിച്ചുതുടങ്ങാം. പിന്നെ എല്ലാം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടറാണ്. വാഹനമോടിക്കുന്ന വ്യക്തിയുടെ ഓരോ ചലനങ്ങളും ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ കമ്പ്യൂട്ടർ ഒപ്പിയെടുക്കും. ലൈസൻസ് എടുക്കേണ്ട വ്യക്തി ട്രാക്ക് പൂർത്തിയാക്കുമ്പോൾ ഈ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്ന കമ്പ്യൂട്ടർ അയാൾ ടെസ്റ്റ് വിജയിച്ചോ പരാജയപ്പെട്ടോ എന്ന് ഞൊടിയിടയ്ക്കുളളിൽ വിലയിരുത്തും. ടെസ്റ്റ് നടക്കുമ്പോൾ വാഹനം ട്രാക്ക് മറികടന്നോ എന്ന് തിരിച്ചറിയുന്നത് സെൻസറുകളാണ്. മറികടന്നെങ്കിൽ അത് പ്രത്യേക നിറത്തിൽ കമ്പ്യൂട്ടറിൽ കാണാനാവും.


ടെസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നേരിട്ട് കണ്ട് ബോധ്യപ്പെടുകയുമാവാം. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ ആറുമാസം സൂക്ഷിച്ചുവയ്ക്കും. ഇക്കാലളവിനുള്ളിൽ വരുന്ന പരാതികളാവും പരിഗണിക്കുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad