ഹോട്ടൽ,റസ്റ്ററന്റ്, ബേക്കറി,ഭക്ഷണ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഫെബ്രുവരി ഒന്നിനകം ഹെൽത്ത് കാർഡ് നേടാൻ ഏത് റജിസ്റ്റേഡ് ഡോക്ടർമാരെയും സമീപിക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് വ്യക്തമാക്കി. ദേശീയ ഭക്ഷ്യ സുരക്ഷാനിയമം വന്നതോടെ സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അസാധുവായി. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളാണ് ഇപ്പോൾ ബാധകം. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി.
ഹോട്ടലും തട്ടുകടയും പലവ്യഞ്ജനക്കടകളും ഉൾപ്പെടെ 6 ലക്ഷം സ്ഥാപനങ്ങളിൽ ഭക്ഷണം തയാറാക്കി വിൽക്കുന്ന സ്ഥാപനങ്ങൾ 2 ലക്ഷത്തോളമാണ്.
അവിടെ ജോലി ചെയ്യുന്നവർക്കാണ് ഹെൽത്ത് കാർഡ് വേണ്ടത്. രക്തപരിശോധനയും ശരീരപരിശോധനയും നടത്തിയാണ് കാർഡ് നൽകേണ്ടത്. മുഴുവൻ ജീവനക്കാർക്കും ഇത് ഇല്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടി വരും. പകുതിയോളം ജീവനക്കാർ നിലവിൽ കാർഡ് നേടിയിട്ടുണ്ട്.