Type Here to Get Search Results !

നിയമസഭയിൽ ആയുധങ്ങൾ നിറച്ച് ഇരുപക്ഷവും, ബഡ്ജറ്റ് സമ്മേളനം നാളെ മുതൽ, നയപ്രഖ്യാപനത്തിന് ഗവർണർ

 


തിരുവനന്തപുരം: ഒന്നര മാസത്തിലേറെ നീളുന്ന ദീർഘമായ സമ്മേളനത്തിൽ പോരിന് ആയുധങ്ങൾ നിറച്ചാണ് ഭരണ, പ്രതിപക്ഷങ്ങൾ നാളെ മുതൽ നിയമസഭയിലേക്കെത്തുക. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കും. രണ്ടു ഘട്ടങ്ങളിലായി മാർച്ച് 30 വരെ നീളുന്ന സമ്മേളനം ആകെ 32 ദിവസം സമ്മേളിക്കുന്നുണ്ട്. മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കിയാണ് സഭ പിരിയുന്നതെന്ന പ്രത്യേകതയും ഈ വർഷത്തെ ആദ്യ സഭാസമ്മേളനത്തിന്റെ സവിശേഷതയാണ്.


ഭരണസ്തംഭനത്തിന്റെ അവസ്ഥയിലേക്കെത്തിക്കുംവിധം ഗവർണറും സർക്കാരും തമ്മിലെ പോര് മൂർച്ഛിച്ചുനിന്ന അവസ്ഥയിൽ നിന്ന് പിരിമുറുക്കം അയയുന്ന കാലാവസ്ഥാമാറ്റമുണ്ടായ വേളയിലാണ് സഭാസമ്മേളനത്തിലേക്ക് കടക്കുന്നതെന്ന സവിശേഷതയുണ്ട്. ഈ അന്തരീക്ഷത്തിലാണ് ഗവർണറുടെ നയപ്രഖ്യാപനം നാളെ നടക്കുക. നയപ്രഖ്യാപനത്തിലും ഗവർണറെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ നിയന്ത്രിക്കാനുള്ള ജാഗ്രത സർക്കാർ കാട്ടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഈ കാലാവസ്ഥാമാറ്റം സർക്കാർ - ഗവർണർ ഒത്തുകളിയെന്ന ആരോപണം കനപ്പിക്കാൻ പ്രതിപക്ഷത്തിന് ആയുധമാകും. നേരത്തേ മുതൽ പ്രതിപക്ഷനേതാവ് ഉന്നയിച്ചുവന്നതാണ് സർക്കാർ- ഗവർണർ ഒത്തുകളി.


ഇടഞ്ഞുനിൽക്കുന്ന ഗവർണർ വഴങ്ങാത്ത അവസ്ഥയിൽ നയപ്രഖ്യാപനമൊഴിവാക്കി കഴിഞ്ഞ സഭാസമ്മേളനത്തിന്റെ തുടർച്ചയായി ചേരാനായിരുന്നു നേരത്തേയുണ്ടായ ആലോചന. ഇതേത്തുടർന്ന് കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞതായി ആദ്യം ഗവർണറെ അറിയിക്കാൻ സർക്കാർ തയാറായിരുന്നില്ല. പിന്നീട് വീണ്ടുവിചാരമുണ്ടായതിനെ തുടർന്നാണ് സഭാസമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറങ്ങിയതും നയപ്രഖ്യാപനത്തോടെ പുതിയ സമ്മേളനം തുടങ്ങാൻ തീരുമാനിച്ചതും.


ഇ.പി. ജയരാജനെതിരെ പി. ജയരാജൻ സി.പി.എം സംസ്ഥാനകമ്മിറ്റിയിലുന്നയിച്ച സാമ്പത്തിക കുറ്റാരോപണം പ്രതിപക്ഷം സഭയിൽ ആയുധമാക്കുമെന്നുറപ്പാണ്. പൊലീസിലെ ക്രിമിനൽവത്കരണം, ഗുണ്ടാ-ലഹരി മാഫിയകളുമായുള്ള ഒത്തുകളി, ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന മരണങ്ങൾ, സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തികപ്രതിസന്ധി തുടങ്ങിയവയെല്ലാം രാഷ്ട്രീയായുധമാക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.


അതേസമയം, ഭരണപക്ഷത്തിന് തിരിച്ചടിക്കാനും ആയുധങ്ങളുണ്ട്. ശശി തരൂരിന്റെ ബദൽപര്യടനവും കെ.പി.സി.സി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രന്റെ മരണത്തെക്കുറിച്ചുയർന്ന പരാതികളുമടക്കം കോൺഗ്രസിനകത്ത് ഉരുണ്ടുകൂടുന്ന നിരവധി വിവാദങ്ങൾ ഭരണപക്ഷം ഉന്നയിച്ചേക്കും. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സഭയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്കകത്ത് അദ്ദേഹത്തോട് എന്ത് നിലപാടെടുക്കുമെന്നതും പ്രധാനമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad